Asianet News MalayalamAsianet News Malayalam

ചോദ്യം ചെയ്യലിന് ഹാജരാകണം; ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അഴിമതിക്കേസിൽ  ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിജിലൻസ് ഊര്‍ജ്ജിതമാക്കിയിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യലായിരിക്കും ശനിയാഴ്ച നടക്കുക

vigilance notice to former kerala minister ebrahim kunju in palarivattom bridge corruption
Author
Thiruvananthapuram, First Published Feb 12, 2020, 8:14 PM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റ നോട്ടീസ്. ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഗവർണർ അനുമതി നൽകിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അഴിമതിക്കേസിൽ  ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിജിലൻസ് ഊര്‍ജ്ജിതമാക്കിയിരുന്നു. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം  കൊച്ചിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് പാലം നിർമ്മാണത്തിൻറെ കരാർ എടുത്ത ആർഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിൻറെ വ്യക്തമായ രേഖകള്‍ വിജിലൻസിന് ലഭിച്ചത്

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും  അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. 

കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ രേഖാമൂലം തന്നെ എതിർത്തെങ്കിലും തുക അനുവദിക്കാൻ മന്ത്രി നിർദ്ദശിക്കുകയായിരുന്നു. പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആന്‍റ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു. ഈ തെളിവുകൾ അനുസരിച്ച് മന്ത്രിയെ അഴിമതിയിൽ പ്രതി ചേർക്കാമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios