കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നിർണായക ഘട്ടത്തില്‍.  നിര്‍മ്മാണ കരാർ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രൊജക്സിന്‍റെ ചെയര്‍മാന്‍ സുമിത് ഗോയലിന്‍റെയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച്  വിജിലൻസ് പരിശോധന തുടങ്ങി. തിങ്കളാഴ്ച സുമിത് ഗോയലിനെ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണ് പാലത്തിന്‍റെ തകര്‍ച്ചക്ക് കാരണമെന്നാണ് വിജിലന്‍സിന്‍റെ എഫ്ഐആറില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കരാറുകാരായ ആര്‍ഡിഎക്സ് പ്രൊജക്ട്സ് ഡിസൈന്‍ ചെയ്ത ബാംഗ്ലൂരിലെ നാഗേഷ് കണ്‍സല്‍ട്ടന്‍സി, കണ്‍സല്ട്ടന്‍റ് കിറ്റ്കോ, പാലം നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ആര്‍ബിഡിസികെ എന്നിവയിലെ 17 ഉദ്യോ​ഗസ്ഥരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. 

ആര്‍ഡിഎസ് പ്രൊജക്ട്സ് ചെയർമാൻ സുമതി ഗോയലാണ് ഒന്നാം പ്രതി. ആര്‍ഡിഎസിന്‍റെയും സുമിത് ഗോയലിന്‍റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു കഴിഞ്ഞു. കോഴ കൈപറ്റിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്. 

ഈ അക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റമാണ് വിജിലൻസ് ഇപ്പോള്‍ പരിശോധിച്ചു വരുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ തിങ്കളാഴ്ച സുമിത് ഗോയലിനെ കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. മുന്‍ മന്ത്രി വി കെ ഇബ്രാംഹികുഞ്ഞ് ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

വിജിലന്‍സ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. നിലവില്‍ 64 പേരുടെ പട്ടികയാണ് മൊഴിയെടുക്കാനായി തയ്യാറാക്കിയിരിക്കുന്നത് . ഇതില്‍ 34 പേരെ ഇതിനകം ചോദ്യംചെയ്തു കഴിഞ്ഞു.