കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു.  വിജിലന്‍സിന് പിന്നാലെ കേന്ദ്ര എന്‍ഫോഴ്സ്‍മെന്‍റും ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 

കള്ളപ്പണം സമ്പാദിച്ചതിനാണ് എന്‍ഫോഴ്സ്മെന്‍റ് ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കുന്നത്. ഇബ്രാഹിം കു‍ഞ്ഞിനെതിരായ കേസിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് വിജിലന്‍സില്‍ നിന്നും തേടിയിട്ടുണ്ട്. കേസ് വിവരങ്ങള്‍ ലഭിച്ച ശേഷം എന്‍ഫോഴ്സ്മന്‍റ് ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കും. 

അതിനിടെ ചന്ദ്രിക ദിനപത്രത്തിന്‍റെ കോഴിക്കോട്ടെ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചു. കമ്പനിയുടെ ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്നും വിജിലന്‍സ് ചോദ്യം ചെയ്യുന്നതായാണ് വിവരം. നോട്ട് നിരോധനത്തിന് പിന്നാലെ ചന്ദിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് നടപടിയെന്നാണ് സൂചന. പാലാരിവട്ടം പാലം അഴിമതിയിലെ കോഴപ്പണമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്‍റെ കളമശ്ശേരിയിലെ വസതിയില്‍ വിജിലന്‍സ് ഏഴ് മണിക്കൂറോളം റെയ്ഡ് നടത്തിയിരുന്നു. അതിനും മുന്‍പായി ഒരു ദിവസം മുഴുവന്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും ചെയ്തു. ഇതിനു തുടര്‍ച്ചയായാണ് ചന്ദ്രികയുടെ ഓഫീസിലെ റെയ്ഡ് എന്നാണ് സൂചന. 

അതേസമയം വിജിലന്‍സ് അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. വീട്ടില്‍ നടന്ന റെയ്ഡ് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും വിജിലന്‍സ് തന്നെ പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കിയ ഇബ്രാഹിംകുഞ്ഞ് കേസില്‍ ഇനി മുന്‍കൂര്‍ജാമ്യം തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.