ആർടിഒ ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ചെടിക്കൊപ്പം കണ്ടെത്തിയത് ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ഞൂറിന്‍റെ നോട്ടുകൾ

കാസർകോട്: ആർടിഒ ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ചെടിക്കൊപ്പം കണ്ടെത്തിയത് ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ഞൂറിന്‍റെ നോട്ടുകൾ. കാസർകോട് ആർടിഒ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തത്. ആർടിഒ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പരിശോധനയിൽ നിരവധി രേഖകളും പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ആർടിഒ ഓഫീസ് സ്റ്റാഫിന്‍റെ കൈയ്യിൽ നിന്ന് അപേക്ഷകൾ, രേഖകൾ, ഏജന്‍റുമാർ നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയ്ക്ക് ശേഷവും ഓഫീസുകളിൽ ഏജന്‍റുമാരുടെ സാന്നിധ്യം തുടരുന്നത് സംശയമുളവാക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കാതെ, ഏജന്‍റുമാർ മുഖേന നൽകുന്ന അപേക്ഷകൾ മാത്രം അതിവേഗം തീർപ്പാക്കുന്നതായി വിജിലൻസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയത്. കാസർകോട് ഓഫീസിലെ പരിശോധനയ്ക്ക് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകിയപ്പോൾ, കാഞ്ഞങ്ങാട് ഓഫീസിൽ ഇൻസ്പെക്ടർ നാരായണനും വെള്ളരിക്കുണ്ട് ഓഫീസിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിൽ വിജിലൻസ് സംഘത്തിന്‍റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

YouTube video player