തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്. ശിവകുമാറിന്‍റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. കൂട്ട് പ്രതികളുടെയും വീടുകളിലും റെയ്ഡ് നടന്നു

വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിൽ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിൽ ഉള്ള ഡ്രൈവർ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികൾ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കർ രേഖകളും കണ്ടെത്തനായിരുന്നു ഇന്നത്തെ പരിശോധന.

ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്‍റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകൾ വിശദമായ പരിശോധിക്കും. തിങ്കളാഴ്ച്ച ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കും.

പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലൻസ് നോട്ടീസ് നൽകും. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.