തിരുവനന്തപുരം: പൊലീസ് അഴിമതി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിജിലൻസ്. പൊലീസ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് മറുപടി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. കേസ് അടുത്ത മാസം ഒമ്പതിന് പരിഗണിക്കും.

ഭരണഘടന സ്ഥാപനമായ സിഎജിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. ചട്ടപ്രകാരം നിയമസഭ സമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒൻപതിലേക്ക് മാറ്റി. സിഎജി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് നിലപാട് അറിയിച്ചത്.

അതിനിടെ, പൊലീസിലെ ഗുരുതര ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി കണ്ടെത്തലുകൾ തള്ളി ഡിജിപിയെ വെള്ളപൂശി കൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നു. തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് ഡിജിപിക്ക് വില്ല പണിതെന്നും ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആധുനിക വൽക്കരണത്തിനുള്ള സാധനങ്ങൾ വാങ്ങിയതിൽ വീഴ്ച കെൽട്രോണിനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

സായുധ സേനാക്യാമ്പിൽ നിന്നും തോക്കുകളും വെടിയുണ്ടയും കാണാതായെന്നായിരുന്നു സിഎജിയുടെ പ്രധാന കണ്ടെത്തൽ. എന്നാല്‍, തോക്കുകളെല്ലാം ക്യാമ്പിൽ തന്നെയുണ്ടെന്നും രജിസ്റ്ററിൽ രേഖപ്പെടുത്തന്നതിലാണ് വീഴ്ച ഉണ്ടായതെന്നുമാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു.