Asianet News MalayalamAsianet News Malayalam

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണം; വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ അനുമതി തേടി വിജിലൻസ്

കെട്ടിടനിര്‍മ്മാണത്തിലെ സാങ്കേതിക കാര്യങ്ങളുള്‍പ്പെടെ വിലയിരുത്തണമെങ്കില്‍ വിദഗ്ധോപദേശം ആവശ്യമാണ്. ഇതിനു വേണ്ടിയാണ് വിദഗ്ധ സംഘത്തെ രൂപീകരിക്കാനുള്ള വിജിലന്‍സിന്‍റെ നീക്കം

Vigilance seeks permission to form expert team
Author
First Published Mar 24, 2023, 7:55 AM IST


കണ്ണൂര്‍: വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണത്തില്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ വിജിലന്‍സ്, സര്‍ക്കാരിന്‍റെ അനുമതി തേടി. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്ക് വേണ്ടിയാണ് വിദഗ്ധ സംഘത്തിന് രൂപം നല്‍കാനുള്ള നീക്കം. സര്‍ക്കാരിന്‍റെ അനുമതി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ആന്തൂര്‍ നഗരസഭയിലും വൈദേകം റിസോർട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന റിസോര്‍ട്ടില്‍ ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്. 

കെട്ടിടനിര്‍മ്മാണത്തിലെ സാങ്കേതിക കാര്യങ്ങളുള്‍പ്പെടെ വിലയിരുത്തണമെങ്കില്‍ വിദഗ്ധോപദേശം ആവശ്യമാണ്. ഇതിനു വേണ്ടിയാണ് വിദഗ്ധ സംഘത്തെ രൂപീകരിക്കാനുള്ള വിജിലന്‍സിന്‍റെ നീക്കം. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരേയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അപേക്ഷ നല്ഡ‍കിയിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ വിദഗ്ധ സംഘത്തിന് രൂപം നല്‍കും. ഈ സംഘവുമായി റിസോര്ട്ടില് വീണ്ടും പരിശോധന നടത്താനാണ് വിജിലന്‍സിന്‍റെ നീക്കം. ഈ പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രമേ കേസെടുക്കുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കൂ. 

നിലവില്‍ പരാതിക്കാരനില്‍ നിന്നും ഫോണ്‍ വഴിയാണ് അന്വേഷണ സംഘം വിവരം ശേഖരിച്ചിട്ടുള്ളത്. കേസെടുക്കേണ്ടി വന്നാല്‍ പരാതിക്കാരന്‍റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. റിസോര്ട്ടുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതിനാല്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യയുടേയും മകന്‍റേയും പേരിലുള്ള ഓഹരി വിറ്റൊഴിവാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. രണ്ടു പേർക്കുമായി 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.

ഇപിയുടെ ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകള്‍ അപൂര്‍ണം; വീണ്ടും ടിഡിഎസ് നോട്ടീസ്

Follow Us:
Download App:
  • android
  • ios