സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലൂടെ ജനുവരിയിൽ മാത്രം പിടിയിലായത് 9 ഉദ്യോഗസ്ഥര്‍. അഴിമതിക്കാരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് വിജിലന്‍സ്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പ്രത്യേക പരിശോധനയിലൂടെ മാത്രം ജനുവരിയിൽ 9 അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് പിടികൂടിയയത്. ജനുവരി മാസത്തിൽ മാത്രമാണ് ഇത്രയധികം ഉദ്യോഗസ്ഥരെ കൈക്കൂലി കേസുകളിൽ പിടികൂടുന്നത്. 

എട്ട് സ്പോട്ട് ട്രാപ്പുകളിൽ നിന്നാണ് ഒമ്പതുപേരെ പിടികൂടാനായതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് പൊതുജനങ്ങള്‍ വിവരം നൽകണമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഒരു മാസത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇത്രയധികം ഉദ്യോഗസ്ഥര്‍ പിടിയിലാകുന്നത് ആദ്യമാണെന്നാണ് വിജിലന്‍സ് അധികൃതര്‍ പറയുന്നത്. അഴിമതിയാരോപണ നിഴലിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് നിര്‍ദേശം. 

ഇവരെ പിടികൂടുന്നതിനായി പൊതുജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് വിജിലന്‍സ്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഫയലുകള്‍ വൈകിപ്പിച്ചുകൊണ്ട് കൈക്കൂലി നൽകാൻ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥരെ അടക്കം പിടികൂടാനാണ് വിജിലന്‍സ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വിജിലന്‍സിനെ അറിയിക്കാം

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കിൽ വിജിലന്‍സിന്‍റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

ഹെൽമറ്റിനകത്ത് ഒളിപ്പിച്ച നിലയിൽ പണം; സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന, 7,540 രൂപ പിടിച്ചെടുത്തു

YouTube video player