തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള വിജിലൻസിൻ്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് അംഗീകരിച്ചത്. 

നാളെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് ശിവശങ്കറെ ചോദ്യം ചെയ്യാനാണ് വിജിലൻസിന് കോടതി അനുമതി നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂർ ചോദ്യം ചെയ്താൽ ശിവശങ്കറിന് അരമണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിൽ വിജിലൻസ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 

വടക്കാഞ്ചേരി ലൈഫ്മിഷൻ അഴിമതിക്കേസിൽ എം.ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിലെ പ്രതിയായ സ്വപ്ന സുരേഷാണ് കൈക്കൂലി ഇടപാടിൽ ശിവശങ്കറിൻറെ പങ്ക് തെളിയിക്കുന്ന നിർണായക മൊഴി വിജിലൻസിന് നൽകിയത്. ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ യുണാടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ കോണ്‍സുലേറ്റിൻറെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദിന് നൽകിയ കൈക്കൂലി പണത്തിൽ നിന്നും 1.50 കോടി രൂപ തനിക്ക് കൈമാറിയെന്നാണ് സ്വപനയുടെ മൊഴി. 

ഈ പണം ശിവശങ്കറിൻ്റെ നിർദ്ദേശ പ്രകാരം ലോക്കറിൽ സൂക്ഷിച്ചുവെന്നും മൊഴിയിൽ പറയുന്നു. സ്വപ്ന വാങ്ങിയ പണം ശിവശങ്കറിന് വേണ്ടിയാണെന്നാണ് സാഹചര്യ തെളിവുകള്‍ നിന്നും വിജിലൻസ് മനസിലാക്കുന്നത്. ശിവശങ്കറിൻ്റെ ചാർട്ടേഡ് അക്കൗണ്ടിൻ്റെ സഹായത്തോടെയാണ് സ്വപ്ന പണം ലോക്കറിൽ  സൂക്ഷിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ പരിയപ്പെടുത്തുന്നത് ശിവശങ്കറാണ്. 

കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്ന് യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിൻ്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സന്തോഷ് ഈപ്പനെ പരിയപ്പെടുത്തിയതായും എല്ലാ നിർദ്ദേശങ്ങളും നൽകിയത് ശിവശങ്കറാണെന്നുമാണ് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിൻറെയും മൊഴി. 

അതിനാൽ ഈ കൈക്കൂലി പണം ശിവശങ്കറിന് വേണ്ടിയാണന്ന് ഉറപ്പിക്കുകയാണ്  വിജിലൻസ്. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ നിരത്തിയാകും നാളെ ശിവശങ്കറെ വിജിലൻസ് ചോദ്യം ചെയ്യുക. ഇ.ഡി. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞൃശിവശങ്കർ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.