Asianet News MalayalamAsianet News Malayalam

'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടന, വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചു; അതിജീവിതയുടെ അച്ഛൻ

പരാതിയിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്‍ദാനം ചെയ്തു, കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫോൺ ചെയ്തു, തെളിവുണ്ടെന്നും അതിജീവിതയുടെ അച്ഛൻ

Vijay Babu tried to influence says Survival's father
Author
Thiruvananthapuram, First Published Jun 26, 2022, 9:42 PM IST

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ നടിയുടെ അച്ഛൻ. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കവേ പറഞ്ഞു. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. അന്തസ്സുള്ള സംഘടനയായിരുന്നെങ്കിൽ മാറി നിൽക്കാൻ വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാമായിരുന്നു.

പരാതിയിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ഒരു കോടി രൂപ മകൾക്ക് വാഗ്‍ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്‍ദാനം ചെയ്തത്.അതിജീവിതയുടെ സഹോദരിയെ ഫോണിൽ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോൺ റെക്കോർഡിംഗ് കയ്യിലുണ്ടെന്നും അതിജീവിതയുടെ അച്ഛൻ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ പണം വാഗ്‍ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

പരാതി നൽകിയതിന് പിന്നാലെ ലൈവിലെത്തി അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയാണ് വിജയ് ബാബു ചെയ്തത്. അതിജീവിത കേസ് നൽകുകയാണ് ചെയ്തത്. എന്നിട്ടും ഇയാളുടെ പേര് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെ കേസ് നൽകാമായിരുന്നല്ലോ എന്ന് അദ്ദേഹം ചോദിച്ചു. അമ്മയുണ്ട്, ഭാര്യയുണ്ട്, സഹോദരിയുണ്ട് എന്നെല്ലാം അയാൾ ലൈവിൽ പറഞ്ഞു. മറുഭാഗത്തും ഇതെല്ലാം ഉണ്ടല്ലോ. പരാതിക്കാരി അങ്ങോട്ടാണ് സമീപിച്ചതെങ്കിൽ വിജയ് ബാബുവിന് അവരെ തടയാമായിരുന്നില്ലേ എന്നും അതിജീവിതയുടെ അച്ഛൻ ചോദിച്ചു.
 

Follow Us:
Download App:
  • android
  • ios