തിരുവനന്തപുരം: അധിക്ഷേപ വീഡിയോയിൽ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.  അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനലും പൂട്ടി. ഭാഗ്യലക്ഷമി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏഴാം തിയതിയിലേക്ക് മാറ്റി

തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം അധിക്ഷേപ വീഡിയോ കേസിൽ പൊലീസ് നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ്. സൈബർ പൊലീസ് കേസ് ഏറ്റെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ  ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.  പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുത്തു.  തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.   ഇന്ന് രാവിലെയോടെയാണ് വിജയ് പി നായരുടെ ചാനൽ യൂടൂബിൽ നിന്ന് അപ്രത്യക്ഷമായത്.

ചാനൽ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്തു നൽകിയതിന് പിന്നാലെയാണിത്. പരാതിക്കിടയായ അധിക്ഷേപ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകൾ ഇതിലുണ്ടായിരുന്നു.  തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഇവ നേരത്തെ തന്നെ പൊലീസ് എടുത്തു വെച്ചിരുന്നു.  ശാന്തിവിള ദിനേശിനെതിരായ കേസിലും സൈബർ പൊലീസായിരിക്കും തുടർനടപടികളെടുക്കുക.

അതേസമയം ഇരുവിഭാഗവും പരസ്പരം പരാതി നൽകിയ കൈയേറ്റ കേസുകളിലും നടപടികൾ മുന്നോട്ടു പോവുകയാണ്.  പൊലീസ് ഇന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. എല്ലാ വശവും പരിശോധിച്ച ശേഷമാകും ഈ കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം യൂട്യൂബിലുടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായർക്കെതിരെ  സംഘടനയും രംഗത്തെത്തി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാത്സംഗികളുമാണെന്ന് യുട്യൂബിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. അനന്തപുരി സോൾഡിയേഴ്സ് വെൽഫെയർ ആന്‍റ് ചാരിറ്റി ഓർഗനൈസേഷനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.