രഞ്ജിത്തിനെ അക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം (Renjith Sreenivasan murder) തടയുന്നതിലെ നിസ്സഹായവസ്ഥ തുറന്ന് പറഞ്ഞ് എഡിജിപി. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. രഞ്ജിത്തിനെ അക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ സംശയിക്കുന്നുണ്ടെന്നും ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്ത് വധക്കേസിൽ ചില നിർണായക സൂചനകൾ ലഭിച്ചു. കൊലപാതകത്തിൽ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നിർണായകമായ ചില സൂചനകൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പക്ഷേ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനാവില്ല. രണ്ട് കൊലപാതകങ്ങളും തമ്മിൽ 12 മണിക്കൂർ സമയവ്യത്യാസമുണ്ട്. ആദ്യത്തെ കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ഞങ്ങൾക്ക് ലഭിച്ചു. പിന്നാലെ തന്നെ ചിലരെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ രണ്ടാമത്തെ കൊലപാതകം ആരും പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു. എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ഉണ്ടായിരുന്നുവെങ്കിൽ നമ്മുക്ക് ആ കൊല തടയാമായിരുന്നു. എന്നാൽ ഇവിടെ അതു പറ്റിയില്ലെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.