കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരണമെന്നതാണ് തീരുമാനം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും എഡിജിപി പറഞ്ഞു.  

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസ് (sreenivasan murder) പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ (vijay sakhare). പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികൾ ഉടൻ തന്നെ പിടിയിലാവുമെന്നും വിജയ് സാഖറെ പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരണമെന്നതാണ് തീരുമാനം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും എഡിജിപി പറഞ്ഞു. 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റേത് രാഷ്ടീയ കൊലപാതകമെന്ന് റിമാന്‍റ് റിപ്പോർട്ട്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിൻ്റെ പ്രതികാരം തീർക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

കൃത്യം നടത്തുന്നതിന് നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു. എപ്രിൽ 1, 8 തീയ്യതികളായിരുന്നു ഈ ശ്രമമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. എലപ്പുള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സ‌ഞ്ജിത്തിന്‍റെ അടുത്ത സുഹൃത്താണ് രമേശ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതില്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സ‌ഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എഡിജിപി വ്യക്തമാക്കി.