കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയിലാണ്

ലഖ്‌നൗ: താൻ ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് അമേഠിയിലെ കോൺഗ്രസ് നേതാവ് വികാസ് അഗ്രഹാരി. തന്റെ മേഖലയിലെ പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് സമൃതി ഇറാനിയെയും മറ്റ് ബിജെപി നേതാക്കളെയും സന്ദർശിച്ചതെന്നും ബിജെപിയിൽ ചേരാൻ വേണ്ടിയല്ല പോയതെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ വികാസ് അഗ്രഹാരി ബിജെപിയിൽ ചേർന്നെന്ന് വാർത്തകൾ വന്നിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് വികാസ് അഗ്രഹാരി. അമേഠിയിൽ ഗാന്ധി കുടുംബത്തിൽ നിന്നാണ് പതിവായി സ്ഥാനാര്‍ത്ഥികൾ ഉണ്ടാകാറുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തിൽ സ്മൃതി ഇറാനിയാണ് വിജയിച്ചത്. ഇത്തവണ സ്മൃതി ഇറാനി തന്നെയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എന്നാൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയിൽ രാഹുൽ ഗാന്ധി തന്നെ വീണ്ടും മത്സരിക്കുമോയെന്നും വ്യക്തമല്ല. അതേസമയം കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്