അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രിയുടെ വിശദീകരണം.

പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ വില്ലേജ് ഓഫിസറുടെ മരണത്തിൽ (Death) സ്വകാര്യ ആശുപത്രിയ്ക്കെതിരെ (private hospital) പരാതിയുമായി കുടുംബം. അടൂരിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതം (heart attack) ഉണ്ടായ വില്ലേജ് ഓഫിസർ കല ജയകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിക്കാൻ കാലതാമസമുണ്ടായെന്നാണ് (medical negligence) പരാതി. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു.

അടൂര്‍ വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്‍റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് ദിവസം മുന്‍പാണ് കലയെ തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം നേരിയ നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില മോശമാവുകയുമായിരുന്നു. എന്നാല്‍ കലയുടെ ആരോഗ്യനില മോശമായ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി. 

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ഉണ്ടായങ്കിലും ആംബുലന്‍സ് കൃത്യസമയത്ത് എത്തിച്ചില്ലന്നും പരാതി ഉണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

കലയുടെ ബന്ധുക്കളാണ് ചികിത്സ പിഴവ് സംഭവിച്ചു എന്ന് ആരോപിച്ച് അടൂര്‍ പൊലീസിന് പരാതി നല്‍കിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രിയുടെ വിശദീകരണം. ആംബുലൻസ് ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.