കാസര്‍കോട്: കാസര്‍കോട് നീലേശ്വരം കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ അച്ചാംതുരുത്തി, പടുതുരുത്തി ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും വെള്ളം ഉയരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകൾ വീടുമാറിക്കൊണ്ടിരിക്കുകയാണ്. 40 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. 

മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാത്തതാണ് കാസര്‍കോട് നീലേശ്വരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇന്നലെ രാത്രിയാണ് അച്ചാംതുരുത്തി , കോട്ടപ്പുറം, മയിച്ച പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇരുനൂറോളം വീട്ടുകാർ പ്രദേശത്ത് നിന്നും മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. കാര്യങ്കോട് പുഴ കര കവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം. 

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്‍റെ ഒരു ഭാഗം കനത്ത മഴയിലും വെള്ളപാച്ചിലിലും നേരത്തേ ഒലിച്ചു പോയിരുന്നു. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.