വിമുക്തി പദ്ധതി തുടങ്ങിയ 2016ല്‍ 543.34 കിലോ കഞ്ചാവായിരുന്നു പിടികൂടിയതെങ്കില്‍ 2017 ല്‍ ഇത് 1332.35 കിലോയായും 2018ല്‍ 1883.690 കിലോയായും വര്‍ദ്ധിച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി എക്സൈസ് വകുപ്പ് കോടികള്‍ ചെലവിട്ട് തുടങ്ങിയ വിമുക്തി പദ്ധതി പാളി. ലഹരി ഉപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല, വിമുക്തി നേടിയവര്‍ എത്രയെന്ന കണക്കും വകുപ്പിന്‍റെ പക്കലില്ല.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തുടങ്ങിയ പദ്ധതിയാണ് വിമുക്തി. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം നിയന്ത്രിക്കാനായി തുടങ്ങിയ പദ്ധതിക്കായി കഴിഞ്ഞ നാലു വര്‍ഷം ചെലവിട്ട തുക സംബന്ധിച്ച് എക്സൈസ് വകുപ്പ് നല്‍കിയ മറുപടിയിങ്ങനെ; 2015-16 85 ലക്ഷം രൂപ, 2016-17 5.91 കോടി രൂപ, 2017-18 3.45 കോടി രൂപ, 2018-19 11.46 കോടി രൂപ.

ഡി അഡിക്ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം, സ്കൂളുകളിലും കോളജുകളിലുമുളള ബോധവല്‍ക്കരണം, മാധ്യമങ്ങളിലൂടെയുളള പ്രചാരണ പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണമെല്ലാം ചെലവിടുന്നത്. വന്‍തുക മുടക്കി ബസുകളടക്കം വാഹനങ്ങളും വാങ്ങി. ഇത്രത്തോളം പണം ചെലവിട്ടിട്ടും കഞ്ചാവിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും വില്‍പനയോ ഉപയോഗമോ കുറഞ്ഞില്ലെന്നു മാത്രമല്ല വന്‍തോതില്‍ ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

വിമുക്തി പദ്ധതി തുടങ്ങിയ 2016ല്‍ 543.34 കിലോ കഞ്ചാവായിരുന്നു പിടികൂടിയതെങ്കില്‍ 2017 ല്‍ ഇത് 1332.35 കിലോയായും 2018ല്‍ 1883.690 കിലോയായും വര്‍ദ്ധിച്ചു. ഹാഷിഷ് ഓയിലിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും കാര്യത്തിലും സമാനമായ വര്‍ദ്ധനയുണ്ട്. 

എന്നാല്‍ പുതു തലമുറയിലെ പ്രത്യേകിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിന്‍റെ തോത് കുറയ്ക്കാന്‍ വിമുക്തി പദ്ധതി വഴി സാധിച്ചെന്നാണ് എക്സൈസ് വകുപ്പിന്‍റെ വാദം. വിവിധ ജില്ലകളിലെ ഡിഅഡിക്ഷന്‍ സെന്‍ററുകളില്‍ ഇത്തരത്തിലുളള 3332 പേര്‍ക്ക് ചികില്‍സ നല്‍കിയെന്നും വകുപ്പ് പറയുന്നു. എന്നാല്‍ എത്ര പേര്‍ ലഹരി മുക്തി നേടി എന്ന ചോദ്യത്തിന് എക്സൈസ് വകുപ്പിന് വ്യക്തമായ മറുപടിയില്ല.