ചെന്നൈ: അന്തരിച്ച പ്രശസ്‍ത വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍റെ സംസ്‍ക്കാരം വ്യാഴാഴ്‍ച. വിദേശത്തുള്ള അടുത്ത ബന്ധുക്കളുടെ സൗകര്യം കണക്കിലെടുത്താണ് സമയം മാറ്റി നിശ്ചയിച്ചത്. മൃതദേഹം അപ്പോളോ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ എഴുതപ്പെട്ട പേരായിരുന്നു ടി എൻ കൃഷ്ണന്‍റേത്. രാജ്യത്തിനകത്തും വിദേശത്തുമായി 25000 ത്തില്‍ അധികം വേദികൾ ആ നാദവിസ്മയത്തിന് സാക്ഷിയായി. 

ചെമ്പൈ വൈദ്യനാഥ ഭാഗവതർ,  രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്മണ്യയ്യർ,  തുടങ്ങി പ്രഗത്ഭരുടെയെല്ലാം അകമ്പടിക്കാരൻ. ഒട്ടുമിക്ക സംഗീതഞ്ജര്‍ക്കു വേണ്ടിയെല്ലാം ടി.എൻ.കൃഷ്ണൻ പക്കം വായിച്ചു. തൃപ്പൂണിത്തുറ സ്വദേശിയെങ്കിലും മദ്രാസിൽ എത്തിയതാണ് വഴിത്തിരിവായത്. അച്ഛൻ നാരായണ അയ്യർ തന്നെയായിരുന്നു  ഗുരു. ഏഴാം വയസിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം. മ്യൂസിക് അക്കാദമയിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശ്രദ്ധയിൽ വന്നതോടെയാണ് കർണാടക സംഗീത ലോകത്തേക്ക് പുതുവഴികൾ തുറന്നത്.