അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു.

ദില്ലി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ ഫർമാനെതിരെ പോക്സോ പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയെന്ന് പരാതിക്കാരൻ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ പറഞ്ഞു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരൻ. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിക്കുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തന്നെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം മകളെ എത്രയും വേഗം തിരിച്ച് എത്തിക്കണം എന്ന് അമ്മ അഭ്യർത്ഥിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമ്മീഷനെ അറിയിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇതിനായുള്ള ശ്രമം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമ്മീഷനെ അറിയിക്കും. രേഖകൾ സംഘടിപ്പിച്ചതിൽ അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്താനാകൂ. പട്ടികവർഗ്ഗ കമ്മീഷനിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്. മധ്യപ്രദേശിന്‍റെയും കേരളത്തിന്‍റെയും പൊലീസ് ഡിജിപിമാരുടെ പ്രതിനിധികൾ പട്ടിക വർഗ കമ്മീഷന്‍ മുമ്പാകെ ഇന്ന് ഹാജരാകും.

വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷന് മധ്യപ്രദേശ് ഡിജിപിയും കേരള പൊലീസും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കേരളത്തിലെ ഡിജിപി നിലവിലെ സാഹചര്യത്തിൽ നേരിട്ട് കമ്മീഷന് മുന്നിൽ ഹാജരാകില്ല. സംസ്ഥാന പൊലീസ് മേധാവിക്കായി തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഐപിഎസ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുന്നിൽ ഹാജരാകും. തൃശ്ശൂരിലെ ദുരന്ത സാഹചര്യം കമ്മീഷനെ ഡിജിപിയുടെ ഓഫീസ് ധരിപ്പിച്ചിട്ടുണ്ട്. വിവാഹത്തിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷനെ അറിയിക്കും. വൈറൽ താരത്തിന്റെ വിവാഹം നിയമപരം എന്നാണ് സംസ്ഥാന പൊലീസ് വ്യക്തമാക്കുന്നത്. വരനും വധുവും ഹാജരാക്കിയ രേഖകൾ പ്രകാരം ഇരുവർക്കും 18 വയസ്സ് തികഞ്ഞു എന്നാണ് കണ്ടെത്തൽ. എന്നാൽ 18 വയസ്സിൽ താഴെയാണ് കുംഭമേള വൈറൽ താരത്തിന്റെ പ്രായമെന്നാണ് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്. കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘത്തിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇക്കാര്യം അടക്കം കമ്മീഷനെ ബോധിപ്പിക്കും. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്.