തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് പാട്ടിന്' തകർപ്പൻ ചുവടുകളുമായി സോഷ്യൽ മീഡിയ താരം ഡോ. ജാനകി ഓംകുമാർ വീണ്ടും വൈറലാകുന്നു. ഇത്തവണ വെറുമൊരു ഡാൻസ് മാത്രമല്ല, വോട്ടർമാർക്ക് വമ്പൻ ക്യാഷ് പ്രൈസ് നേടാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ജാനകി പങ്കുവെക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വൈറൽ റാപ്പ് ഗാനത്തിന് ചുവടുവെച്ച് വോട്ടർമാരെ ആവേശം കൊള്ളിക്കുകയാണ് ഡോ. ജാനകി ഓംകുമാർ. 'ഒരു ഇലക്ഷൻ സ്പെഷ്യൽ പാട്ട് കേട്ടാലോ' എന്ന് ചോദിച്ചുകൊണ്ട് ജാനകി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പുതുതലമുറ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള 'ജെൻ സി' വോട്ട് പാട്ടിനൊപ്പം മനോഹരമായി നൃത്തം ചെയ്യുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള വമ്പൻ റീൽസ് മത്സരത്തെക്കുറിച്ചും താരം വിവരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

'ഒരു ഇലക്ഷൻ സ്പെഷ്യൽ പാട്ട് കേട്ടാലോ?' എന്ന് ചോദിച്ചുകൊണ്ടാണ് ജാനകി വിഡിയോ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ബോധവൽക്കരണ പരിപാടിയായ 'സ്വീപിന്റെ' (SVEEP) ഭാഗമായി തയ്യാറാക്കിയ ഗാനമാണിത്. യുവാക്കൾക്കിടയിൽ വോട്ടിംഗിന്റെ പ്രാധാന്യം എത്തിക്കാൻ കമ്മീഷൻ സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിന്റെ വിവരങ്ങളും താരം വിഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. വോട്ടർമാർക്ക് ഈ പാട്ടിനൊപ്പം സ്വന്തമായി റീൽസ് തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കാം.

സയനോരയും തിരുമാലിയും പാടിയ വോട്ട് പാട്ട്

സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായ ഈ റാപ്പ് ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, റാപ്പർ തിരുമാലി, എസ്‌ഡീ എന്നിവർ ചേർന്നാണ്. 'ഒരു ഗോള് മതി കളി മാറി മറിയാൻ, ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ' എന്ന വരികളിലൂടെ ഓരോ വോട്ടിന്റെയും കരുത്താണ് ഗാനം ഓർമ്മിപ്പിക്കുന്നത്. ജോർജ് പീറ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ടിനി ടോമും കൈലാഷും ചേർന്നാണ് ഈ വിഡിയോ ഗാനം സംവിധാനം ചെയ്തത്.

ജെൻ സി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് ആകർഷിക്കാൻ കമ്മീഷൻ നടത്തുന്ന നീക്കങ്ങൾക്ക് ജാനകിയെപ്പോലുള്ള സോഷ്യൽ മീഡിയ താരങ്ങളുടെ പിന്തുണ വലിയ കരുത്താവുകയാണ്. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ യുവാക്കളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇത്തരം വ്യത്യസ്തമായ ക്യാമ്പെയ്‌നുകളിലൂടെ ലക്ഷ്യമിടുന്നത്. ജാനകിയുടെ തകർപ്പൻ ഡാൻസ് വിഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.