തിരുവനന്തപുരം: ആഘോഷങ്ങളെ വരവേൽക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ മനുഷ്യർ. കാരണം ഓരോ ദിവസവും ഭീതിയും ആശങ്കയും വർദ്ധിപ്പിച്ച് കൊവിഡ്19 ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും വിശേഷ ദിവസങ്ങളിൽ കേരളത്തിൽ, സ്വന്തം നാട്ടിൽ, വീട്ടിൽ ഓടിയെത്തുന്നവരാണ് മലയാളികൾ. പക്ഷേ ഇക്കൊല്ലം ആഘോഷങ്ങൾക്കൊന്നും ഇടമില്ല. വിഷുക്കണിയും ആഘോഷങ്ങളുമില്ലാതെ ഒരു വിഷുദിനം കൂടി മലയാളിക്ക് മുന്നിലെത്തുമ്പോൾ പലയിടങ്ങളിലിരുന്ന് വിഷു ആശംസകൾ അറിയിക്കുകയാണ് അഞ്ച് സുഹൃത്തുക്കൾ. 

'കണി കാണും നേരം കമലാ നേത്രന്റെ...' എന്ന് തുടങ്ങുന്ന പാട്ടിന് ചുവടുവച്ചാണ് ഇവർ വിഷു ആശംസകൾ അറിയിക്കുന്നത്. ആര്യലക്ഷ്മി നിമേഷ്, എറണാകുളം, പ്രസീത ജുഗണേശൻ, കോട്ടയം, മിഥു സിദ്ധാർഥ്‌, കാനഡ, വൈശാഖി വിജയൻ, കൊല്ലം, ശ്വേത നാഥൻ, എറണാകുളം എന്നിവരാണ് മനോഹരമായ ചുവടുകൾ അട്രസ്ട്രി മീഡിയ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു. 'വിഷു ആശംസകൾ. കൊറോണ ലോകജനതയെ കീഴടക്കി നിൽക്കുന്ന ഈ വേളയിൽ ഒരു ആഘോഷവും ആരവവും കൂടാതെ ഒരു വിഷു കൂടി കടന്നു പോവുകയാണ്. ലോകത്തിന്റെ പല കോണുകളിൽ ഉള്ള ഒരു കൂട്ടം സഹോദരിമാർ അവരെക്കൊണ്ട് ആകും വിധം ഒരു വിഷു കൈനീട്ടം. നിങ്ങൾക്കായി ഇതാ. മനസ്സ് കൊണ്ട് ഒന്നിക്കാം. ശാരീരിക അകലം പാലിക്കാം..' വീഡിയോ കണ്ടവർ മികച്ച പ്രതികരണമാണ് അറിയിക്കുന്നത്.