കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാ‍‍‍ർ‍ഡുകളിൽ രോഗികൾക്ക് മരുന്നും ഭക്ഷണവുമായി ഇനി റോബോട്ട് എത്തും. നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് കളമശേരി മെഡിക്കൽ കോളേജിന് റോബോട്ടിനെ നൽകിയത്.

കൊറോണ വാർഡുകളിൽ ഇനി മുതൽ കർമി ബോട്ട് എന്ന ഈ റോബോട്ടായിരിക്കും സ്ഥിരസാന്നിദ്ധ്യം.  കൊവിഡ് രോഗികളെ പരിചരിക്കുന്നത് വഴി ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ രോഗികൾക്കും ഭക്ഷണവും മരുന്നും എത്തിക്കുക എന്നതാണ് കർമ്മി ബോട്ടിന്റെ പ്രധാന ജോലി. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് കർമി ബോട്ടിനെ വികസിപ്പിച്ചെടുത്തത്. വിശ്വശാന്തി ഫൗണ്ടേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർ എസ്.സുഹാസിന് റോബോട്ടിനെ കൈമാറി.

രോഗിയുടെ താപനില അളക്കുന്നതും ഇനി മുതൽ കർമ്മി ബോട്ട് ആയിരിക്കും. ഈ റോബോട്ടിന്റെ ഇരുവശത്തുമുള്ള ക്യാമറകൾ വഴി രോഗിക്ക് ഡോക്ടറുമായി വീഡിയോ കോൾ ചെയ്യാനും രോഗവിവരം അറിയാനും കഴിയും. 25 കിലോ ഭാരം വഹിക്കാനും സെക്കന്റിൽ ഒരു മീറ്റർ‍ വേഗതയിൽ സഞ്ചരിക്കാനും കർമ്മി ബോട്ടിന് കഴിയും.അൾട്രാവയലറ്റ് രശ്മികൾ കൊണ്ട് സ്വയം അണുവിമുക്തമാക്കാനും അണുനാശിനി ചുറ്റും തളിക്കാനും ഈ റോബോട്ടിന് സാധിക്കും.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീ മേജർ രവി, ശ്രീ വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീ . തോമസ് മാത്യു , ആർഎംഒ ഡോക്ടർ ഗണേഷ് മോഹൻ , ഡോക്ടർ മനോജ് ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു