സമരം ചെയ്യാനുള്ള അവകാശം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇത് ഇടക്കാല ഉത്തരവാണ്. അന്തിമ വിധി അനുകൂലമാകും...ഫാദർ യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടക്കാല ഉത്തരവ് മാത്രമാണ് കോടതിയിൽ നിന്നുണ്ടായിട്ടുള്ളത്. അന്തിമ ഉത്തരവ് വരുമ്പോൾ സമരക്കാർ മുന്നോട്ടു വയ്ക്കുന്ന ആവലാതികൾ സർക്കാർ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമര സമിതി കൺവീനർ, രൂപതാ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെ വ്യക്തമാക്കി.
സമരം ചെയ്യാനുള്ള അവകാശം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഫാദർ യൂജിൻ പെരേരെ പറഞ്ഞു. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തുറമുഖം നിർമാണം തടസ്സപ്പെടുത്തിയെന്ന അദാനിയുടെയും നിർമാണ കമ്പനിയുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തോളമായി വിഴിഞ്ഞത്ത് നിർമാണം ഒന്നും നടക്കുന്നില്ല.
കോടതി ഉത്തരവ് മാനിക്കുന്നുണ്ട്. എന്നാൽ സമരം ജീവിക്കാൻ വേണ്ടിയാണ്. മത്സ്യത്തൊഴിലാളികൾക്ക് കിടപ്പാടം ഇല്ലാതാകുന്നു. ഉപജീവനം നഷ്ടപ്പെടുന്നു. ഇതിനെതിരെയാണ് സമരം. ഊസമരത്തിനായി മുന്നോട്ടുവയ്ക്കുന്ന മദ്രാവാക്യം ഹൈക്കോടതി കേൾക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സമര സമിതി കൺവീനർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി; പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഉത്തരവിട്ടു. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കികേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.
സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
