തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. നൂറാമത്തെ ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയതോടെയാണ് നേട്ടം. ഓദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടത്തി.

വിഴിഞ്ഞത്ത് നൂറാമാനായെത്തിയത് സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി ലോറ്റസ് എന്ന കപ്പൽ. പതിവു പോലെ തുറമുഖ വകുപ്പും കസ്റ്റംസും ആരോഗ്യവകുപ്പും എമിഗ്രേഷനും ഷിപ്പിങ്ങ് ഏജൻസിയും ആവേശത്തോടെ വരവേറ്റു. അഞ്ച് മാസം കൊണ്ട് നൂറാമത്തെ കപ്പലും എത്തിയതോടെ സർക്കാരിന് ലഭിച്ചത് ഒരു കോടി എട്ട് ലക്ഷം രൂപ

കഴിഞ്ഞ ജൂലൈ 15 നാണ് വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിങ്ങിനായി ആദ്യ കപ്പലെത്തുന്നത്. അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം, കടലിന്റെ ആഴം എന്നീ അനുകൂല ഘടകങ്ങളാണ് 5 മാസം കൊണ്ട് ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിച്ചത്. പ്രാദേശിക തലത്തിലും വലിയ തൊഴിൽ സാധ്യതയാണ് വിഴിഞ്ഞം ക്രൂചെയിഞ്ച് ഹബ്ബിലൂടെ സാധ്യമാവുന്നത്. 

ഇന്ധനം നിറക്കൽ കുടിവെള്ളം എത്തിക്കൽ ,കപ്പലിന്‍റെ ഭൗതിക പരിശോധനയുമായി ബന്ധപ്പെട്ട അണ്ടർവാട്ടർ സർവ്വേ , പെയിന്‍റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും വിഴിഞ്ഞത്ത് ഒരുക്കുമെന്ന് മാരി ടൈം ബോർഡ് ചെയർമാൻ വിജെ മാത്യൂ പറഞ്ഞു. ഇതോടെ സർക്കരിലേക്കുള്ള വരുമാനത്തിലും വലിയ വർധനവ് ഉണ്ടാവും.