അനുബന്ധ പദ്ധതികളിൽ ഇനി ബാക്കിയുള്ളത് റോഡ്, റെയിൽ സൗകര്യങ്ങൾ മാത്രമാണ്. ഇതിനുള്ള നടപടികളും വേഗത്തിലാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഇതോടെ തുറമുഖ പദ്ധതിക്കായുള്ള വൈദ്യുതീകരണം പൂർത്തിയായി. ഓണത്തിന് വിഴിഞ്ഞത്ത് കപ്പൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള 33 കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിർവഹിച്ചത്.
കഴിഞ്ഞ വർഷം പ്രവർത്തനക്ഷമമായ മുക്കോലയിലെ 220 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി, തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ തരത്തിലേക്ക് മാറ്റുന്നതിനായാണ് 33 കെവി/ 11 കെവി സബ്സ്റ്റേഷൻ. ഇതോടെ തുറമുഖത്തിന് ആവശ്യമുള്ള വൈദ്യുതി എത്തിക്കാനുള്ള സൗകര്യങ്ങൾ എല്ലാം പൂർണമായി.
തുറമുഖത്തിനായുള്ള ജലവിതരണ പദ്ധതി നേരത്തെ പൂർത്തിയാക്കിയിരുന്നു. അനുബന്ധ പദ്ധതികളിൽ ഇനി ബാക്കിയുള്ളത് റോഡ്, റെയിൽ സൗകര്യങ്ങൾ മാത്രമാണ്. ഇതിനുള്ള നടപടികളും വേഗത്തിലാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. പുലിമുട്ട് നിർമാണം രണ്ട് കിലോ മീറ്റർ പൂർത്തിയായിട്ടുണ്ട്. റിക്ലമേഷൻ, ബർത്ത് നിർമാണം തുടങ്ങിയവയും തുടരുകയാണ്. ഒന്നാം ഘട്ട പണികൾ പൂർത്തിയാക്കി, ഓണക്കാലത്ത് ആദ്യ കപ്പലെത്തിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
