തിരുവനന്തപുരം: വിഴിഞ്ഞത്ത് ആഴക്കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി കരയ്ക്കെത്തി. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ കുടുങ്ങിയ ഇവർ ഇന്ന് ഉച്ചയോടെയാണ് തീരത്തെത്തിയത്. തെരച്ചിലിനായി നാവികസേന ഹെലികോപ്റ്ററുകൾ പുറപ്പെട്ടെങ്കിലും ഉച്ചയോടെ ബോട്ടിന്റെ തകരാർ പരിഹരിച്ച് മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തുകയായിരുന്നു.

വായിക്കാം: തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷം; മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി

അതേസമയം, തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഇന്നലെ മുതൽ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തീരദേശസേനയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ബുധനാഴ്ചയായിരുന്നു മത്സ്യബന്ധനത്തിനായി ഇവർ കടലിലേക്ക് പോയത്. എന്നാൽ, വെള്ളിയാഴ്ചയോടെ തിരിച്ച് എത്തേണ്ടിയിരുന്ന മത്സ്യത്തൊഴിലാളികൾ വൈകിയും തീരത്തെത്തിയില്ല. തുടർന്ന് തീരദേശസേനയുടെ സംഘം തെരച്ചില്‍ നടത്തിയെങ്കിലും തൊഴിലാളികളെ കണ്ടെത്താനായില്ല.

വായിക്കാം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് രമേശ് ചെന്നിത്തല

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിരുന്നു. അതേസമയം, കൊല്ലം ശക്തിക്കുളങ്ങറ ഭാ​ഗത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നുപേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

വായിക്കാം: മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു,നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപണം; ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തെത്തി

രാജു, ജോൺബോസ്കൊ, സഹായരാജു എന്നിവർക്ക് വേണ്ടിയാൻണ് തെരച്ചിൽ ശക്തമാക്കിയത്. വള്ളത്തിലുണ്ടായിരുന്ന തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.