Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നിലച്ചിട്ട് 26 ദിവസം; പ്രദേശവാസികളുടെ സമരം തുടരുന്നു

സ്വപ്ന പദ്ധതി സമരക്കുരുക്കിലായതോടെ വിഴിഞ്ഞത്ത് പ്രതിസന്ധി കടുക്കുകയാണ്. പുലിമുട്ട് നിർമ്മാണം നിലച്ചു. ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ഗേറ്റ് കോംപ്ലക്സിന്റേയും സബ് സ്റ്റേഷൻ കോംപ്ലക്സിന്റേയും നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കേ ആണ് സമരം തുടങ്ങിയത്.

vizhinjam project 26 days since construction had to be stopped due to protests
Author
Trivandrum, First Published Oct 25, 2020, 7:41 AM IST

തിരുവനന്തപുരം: പ്രദേശവാസികളുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നിലച്ചിട്ട് 26 ദിവസം. നിർമ്മാണജോലികൾ മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് അദാനി കന്പനിയ്ക്ക് ഉണ്ടായത്. അതേസമയം ഈമാസം 31നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.

സ്വപ്ന പദ്ധതി സമരക്കുരുക്കിലായതോടെ വിഴിഞ്ഞത്ത് പ്രതിസന്ധി കടുക്കുകയാണ്. പുലിമുട്ട് നിർമ്മാണം നിലച്ചു. ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ഗേറ്റ് കോംപ്ലക്സിന്റേയും സബ് സ്റ്റേഷൻ കോംപ്ലക്സിന്റേയും നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കേ ആണ് സമരം തുടങ്ങിയത്. തുറമുഖത്തെ തൊഴിലവസരങ്ങളിൽ 50 ശതമാനവും പ്രദേശവാസികൾക്ക് നൽകുക, അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം മൂലം ഹാർബറിനുണ്ടായ ഭീഷണി നികത്തുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുളള സമരം. 

സമരക്കാരുമായി പോർട്ട് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ആവശ്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറങ്ങാതെ സമരം നിർത്തില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. പൈപ്പ് ലൈനുകളുടെ നവീകരണം, ഗംഗയാർ തോടിന്‍റെ നവീകരണം എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവുകൾ കഴിഞ്ഞദിവസം പുറത്തിറങ്ങി. മറ്റ് ആവശ്യങ്ങളും അനുഭാവ പൂർവം പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റേയും അദാനി കമ്പനിയുടേയും ആവശ്യം. എന്നാൽ സമരക്കാർ ഉറച്ചുതന്നെയാണ്.

രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി കൂടുതൽ ശക്തമായ സമരത്തിന് നാട്ടുകാർ തയ്യാറെടുക്കുമ്പോൾ തുറമുഖ നിർമ്മാണപ്രതിസന്ധി നീളുമെന്ന കാര്യം തീർച്ചയായി.

Follow Us:
Download App:
  • android
  • ios