കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന്റെ കൂറ്റൻ ഭീമുകൾ കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ഇതിന് പിന്നാലെ ഒറ്റ വരി പോസ്റ്റുമായി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം എന്ന അടിക്കുറിപ്പില്‍ പാലത്തിന്‍റെ ചിത്രം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് മാഹി പാലം പൊളിഞ്ഞതിനെ പരോക്ഷമായി പരിഹസിച്ചുള്ള പോസ്റ്റ്.

ഇബ്രാഹിം കുഞ്ഞിന്‍റെ പോസ്റ്റിന് താഴെ പരിഹിച്ചും, സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും  കമന്‍റുകള്‍ നിറയുകയാണ്. മാഹിപ്പാലം പൊളിഞ്ഞ് വീണതുകൊണ്ട് താങ്കളുടെ അഴിമതി ഇല്ലാതാവില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇടത് സര്‍ക്കാരും അഴിമതിയില്‍ മോശമല്ലെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. എന്തായാലും ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ കാണിച്ച ധൈര്യം അപാരമാണെന്നും ഒരു വിഭാഗം പറയുന്നു.

കഴിഞ്ഞ ദിവസമാണ് നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന്റെ കൂറ്റൻ ഭീമുകൾ തകർന്നുവീണത്. പുഴയ്ക്ക് കുറുകെ നിട്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ  നാല് ബീമുകളാണ് നിലം പൊത്തിയത്. അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. 18 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ നിർമ്മാണച്ചെലവ് 1000 കോടിക്ക് മുകളിലാണ്. അടുത്ത വർഷം മെയ് മാസം കമ്മീഷൻ ചെയ്യാമെന്ന പ്രതീക്കക്ഷയിൽ പണി പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്.

തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിലാണ് അപകടം സംഭവിച്ചത്. നെട്ടൂരിലെ പാലത്തിന്റെ നിർമ്മാണത്തിനിടെ ഭീമുകളിൽ ഒന്ന് ചെരിഞ്ഞപ്പോൾ പരസ്പരം ഘടിപ്പിക്കാത്തതിനാൽ ബാക്കിയുള്ളവയും പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമ്മാതാക്കൾ.