മലപ്പുറം: പാലക്കാട് മേലേ മഞ്ചിക്കട്ടിക്ക് സമീപം ഉള്‍വനത്തില്‍ മൂന്ന് മാവോയിസ്റ്റുകളെ കേരള പൊലീസിന്‍റെ തണ്ടര്‍ ബോള്‍ട്ട് സംഘം ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. 

വാളയാര്‍ സംഭവം മറച്ചു വയ്ക്കാനായി സര്‍ക്കാര്‍ കളിച്ച നാടകമാണോ മേലേ മഞ്ചിക്കട്ടിയിലെ മാവോയിസ്റ്റ് വേട്ടയെന്ന് സംശയിക്കുന്നതായി വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ഈ അടുത്തും താന്‍ അടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി ആരും പറഞ്ഞിരുന്നില്ല. നാട്ടുകാര്‍ പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് കാട്ടില്‍ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നതാണെന്നും വികെ ശ്രീകണ്ഠന്‍ മലപ്പുറത്ത് പറഞ്ഞു. 

ഇന്ന് രാവിലെയോടെയാണ് പാലക്കാട് ജില്ലയിലെ മേലേ മഞ്ചിക്കട്ടിക്ക് സമീപമുള്ള ഉള്‍വനത്തില്‍ ഇന്ന് രാവിലെയാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.