എകെ ബാലന്‍റെ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ മറുപടിയുമായി വികെ ശ്രീകണ്‌ഠൻ എംപി. എകെ ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് വിമർശനം

പാലക്കാട്: എകെ ബാലന്‍റെ കോങ്ങാട്-മലമ്പുഴ ഡീല്‍ പരാമർശത്തില്‍ മറുപടിയുമായി വികെ ശ്രീകണ്‌ഠൻ എംപി. എകെ ബാലന് പ്രായാധിക്യം മൂലം കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണ്, പാലക്കാട് സീറ്റ് തുക്കി വിറ്റ് ബിജെപിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ചത് എകെ ബാലനാണ്. സിപിഎം പാലക്കാട് നടത്തിയ ഡീല്‍ കേരളം മുഴുവൻ ചർച്ചയാണ്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത, മെമ്പർഷിപ്പില്ലാത്ത, ഒരു പരിപാടിയിൽ പോലും ഇതുവരെ കാണാത്ത ഹോട്ടല്‍ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയതു വഴി മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് അവിടെ ബിജെപിക്ക് ജയിക്കാൻ എല്ലാ സൗകര്യവും ഒരിക്കിക്കൊടുക്കുകയാണ് എകെ ബാലനും കൂട്ടരും ചെയ്തത്. ഇതിനുള്ള മറുപടി ജനങ്ങൾ കനത്ത പ്രഹരമായി നൽകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനെ കാഴ്ച ബംഗ്ലാവില്‍ വെക്കേണ്ടി വരും എന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. മലമ്പുഴയില്‍ ബിജെപിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്നും കോങ്ങാട് വോട്ട് മറിക്കുമെന്ന് ആർഎസ്എസില്‍ നിന്നും യുഡിഎഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് എകെ ബാലൻ പറഞ്ഞിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പാലക്കാട് എന്താണ് ഡീല്‍ എന്ന് ഉടൻ വ്യക്തമാകുമെന്നും ആർഎസ്എസില്‍ നിന്നും യുഡിഎഫിന് വോട്ട് മറിക്കാൻ ധാരണയായിട്ടുണ്ടെന്നുമാണ് എകെ ബാലൻ പറയുന്നത്. വോട്ടു ഡീല്‍ നടന്നതുകൊണ്ടാണ് ശ്രീകണ്ഠന്‍റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത്. സിപിഎം ആർഎസുമായി ഡീലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മലമ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി വിഎസിന് കസേര പിടിച്ചുകൊടുത്ത ആളാണ്. അയാൾക്ക് കോണ്‍ഗ്രസുകാർ തന്നെ വോട്ട് ചെയ്യില്ല എന്നുമാണ് എകെ ബാലൻ പറയുന്നത്. അതേസമയം യഥാർത്ഥ ഡീൽ പാലക്കാട് കോൺഗ്രസും സിപിഎമ്മും തമ്മിലെന്നാണ് മലമ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്‍റെ ആരോപണം. കാലങ്ങളായി ഈ ഡീൽ തുടരുന്നു. പാലക്കാട് ഷാഫി ജയിച്ചപ്പോൾ ആദ്യം അഭിനന്ദിച്ചത് എകെ ബാലനാണെന്നും ഇതിൽ പരം എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.