നീതിക്ക് വേണ്ടി സമരം ചെയുന്നവരാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രസ്താവന

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ എഴുത്തുകാര്‍. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന എഴുത്തുകാര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ മറക്കുന്നെന്നും. രാഹുൽ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. കെ.ജി. ശങ്കരപ്പിള്ള, കല്പറ്റ നാരായണൻ, ബി രാജീവൻ, യു കെ കുമാരൻ, എം എൻ കാരശ്ശേരി,സി വി ബാലകൃഷ്ണൻ, വിനോയ് തോമസ് തുടങ്ങിയ നിരവധി എഴുത്തുകാരാണ് സംയുക്ത പ്രസ്താവനയില്‍ പങ്കാളികളായിട്ടുള്ളത്.

പ്രസ്താവനയുടെ പൂര്‍ണരൂപം

നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന സുതാര്യവും, നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് സാർവത്രിക വോട്ടവകാശത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ ആധാരശില. അതുകൊണ്ടു തന്നെ, വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെക്കുറിച്ചും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവഗുരുതരമാണ്. ജനവിധിയുടെ വിശ്വാസ്യതയെപ്പോലും സംശയനിഴലിലാക്കുന്ന വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി നടത്തിയിട്ടും, ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ സത്യവാങ്മൂലം ഒപ്പിട്ട് പരാതി നൽകാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മറന്നുപോകുന്നത് തങ്ങളിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെയാണ്. ഈ രാഷ്ട്രീയ സന്ദർഭത്തിൽ, നമ്മുടെ ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തില്‍ പൗരസമൂഹം ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്.

ഈയൊരു ചരിത്രസന്ധിയിൽ, എഴുത്തുകാരുടെ കൂട്ടായ്മ രാഹുൽ ഗാന്ധിയുടെ ധർമസമരത്തെ ഉപാധികളില്ലാതെ പിന്തുണക്കുകയും, ജനാധിപത്യം വീണ്ടെടുക്കാനുള്ള സുധീരദൗത്യത്തിൽ അഭിമാനത്തോടെ പങ്കാളികളാവുകയും ചെയുന്നു. നീതിക്ക് വേണ്ടി സമരം ചെയുന്നവരാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

YouTube video player