പാലക്കാട്: പാലക്കാട് നഗരസഭയിലെ 23-ാം വാർഡിൽ വോട്ടിംഗ് മെഷീൻ കേടായതിനെ തുടർന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം വച്ച മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് രണ്ടാമതൊരു യന്ത്രം കൂടി ഏത്തിച്ചെങ്കിലും ഇതും പ്രവർത്തനക്ഷമമായിരുന്നില്ല.

ഇതോടെ വോട്ടർമാർ ബഹളം വച്ച് തുടങ്ങി. ചിലർ വോട്ട് ചെയ്യാതെ മടങ്ങി.  ഒടുവിൽ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് വോട്ടിംഗ് തുടങ്ങാനായത്. 1155 വോട്ടർമാരാണ് ഈ ബൂത്തിൽ വോട്ട് ചെയ്യാനായുണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായെന്നും ഇനി സുഗമമായി വോട്ടിംഗ് നടത്താമെന്നും 9 മണിയോടെ അധികൃതർ അറിയിച്ചു. 

മോക്ക് പോളിംഗ് സമയത്ത് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോളിംഗ് നിർത്തിവയ്ക്കുകയായിരുന്നുവെന്നും കളക്ട്രേറ്റിൽ നിന്ന് വിദഗ്ധ സംഘമെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നുമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.