ഭൂരിപക്ഷം എത്രയെന്ന് മാത്രം കാത്തിരുന്ന തെരഞ്ഞെടുപ്പിലെ വി.എസിന്റെ തോല്‍വിയും അന്ന് കൈവിട്ട മുഖ്യമന്ത്രി പദവും
മാരാരിക്കുളത്ത് ഫ്രാൻസിസിനെ നേർച്ചക്കോഴിയാക്കിയെന്ന് കോണ്‍ഗ്രസുകാർ പോലും പരിഹസിച്ച മത്സരം. എന്നാൽ പ്രചാരണം തുടങ്ങിയപ്പോൾ കഥമാറി.
സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിൽ പത്ത് തെരഞ്ഞെടുപ്പുകളിലാണ് വിഎസ് മത്സരിച്ചത്. നേരിട്ട മൂന്ന് തോൽവികളിൽ ഏറ്റവും വലിയ തിരിച്ചടി മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് തോൽവിയാണ്. 1996ൽ കോണ്‍ഗ്രസിലെ പി.ജെ ഫ്രാൻസിസിന്‍റെ അട്ടിമറി ജയത്തിൽ വിഎസിന് കൈവിട്ടു പോയത് മുഖ്യമന്ത്രി പദം തന്നെയാണ്.
വർഷം 1996: മുഖ്യമന്ത്രി എകെ ആന്‍റണിയെ പടിയിറക്കാൻ അരയും തലയും മുറക്കി വിഎസ് പടനയിക്കാനിറങ്ങി. പാർട്ടിക്കും വിഎസിനും ഏറ്റവും വിശ്വാസമുള്ള മാരാരിക്കുളത്ത്. അന്ന് മത്സരിച്ച ഒരെയൊരു പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു വിഎസ്. അടുത്ത മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം എത്രയെന്ന് മാത്രമായിരുന്നു കേരളത്തിന്‍റെ ആകാംക്ഷ. അരൂരിൽ തുടർച്ചയായി തോറ്റ് കോണ്‍ഗ്രസ് ജില്ലാ നേതാവ് പി.ജെ.ഫ്രാൻസിസ് മണ്ഡലം മാറി മാരാരിക്കുളത്ത് എത്തി. മാരാരിക്കുളത്ത് ഫ്രാൻസിസിനെ നേർച്ചക്കോഴിയാക്കിയെന്ന് കോണ്‍ഗ്രസുകാർ പോലും പരിഹസിച്ച മത്സരം. എന്നാൽ പ്രചാരണം തുടങ്ങിയപ്പോൾ കഥമാറി.
ഇടത് കൊമ്പനെ വീഴ്ത്താൻ വാരിക്കുഴികൾ മാരാരിക്കുളത്ത് നിറഞ്ഞു. മണ്ഡലത്തിൽ പേരിന് മാത്രം ഇറങ്ങി അമിത ആത്മവിശ്വാസത്തിൽ വിഎസ് കേരളമാകെ പ്രചാരണത്തിൽ നിറഞ്ഞു. മെയ് മാസം അവസാനം ഫലം വന്നപ്പോൾ വിഎസ് വീണു. ഫ്രാൻസിസ് വക്കീൽ ജയിന്‍റ് കില്ലറായി വിശ്രമനാളുകളിൽ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി വക്കീൽ ഒരു വട്ടം കൂടി ഖദർ ഉടുപ്പണിഞ്ഞു. ആ ദിനങ്ങൾ ഓർത്തെടുത്തു. "ജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ഇത്രയും വലിയൊരാളെ തോല്‍പ്പിച്ചതില്‍ ഞാന്‍ അഹങ്കരിച്ചില്ല. പക്ഷേ വി.എസിന്റെ വളര്‍ച്ചയ്ക്ക് ഞാനൊരു തടസമിട്ടതില്‍ വിഷമമുണ്ട്. അല്ലെങ്കില്‍ അപ്രാവശ്യം തന്നെ മുഖ്യമന്ത്രി ആവേണ്ടിയിരുന്ന ആളായിരുന്നു" - അദ്ദേഹം പറഞ്ഞു.
Read also: വിഎസിന്റെ പ്രസംഗങ്ങള്‍ക്ക് എതിരാളികള്‍ പോലും ആരാധകര്‍; 'കേരളമാകെ കയ്യടിച്ച ആ ശൈലി ആരംഭിച്ചത് ഇങ്ങനെ'
തോൽവിയിൽ അകം പൊള്ളുമ്പോഴും ഉറച്ച കമ്മ്യൂണിസ്റ്റായി വിഎസ് സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് 1996ൽ നൽകിയ പ്രതികരണം ഇന്നും മലയാള ദൃശ്യ മാധ്യമ രംഗത്തെ അമൂല്യമായ സ്വത്താണ്. "എല്ലാം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും" എന്നായിരുന്നു വിഎസിന്റെ പ്രതികരണം.
പിന്നാലെ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. മാരാരിക്കുളം തോൽവി സിപിഎമ്മിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. കുളം തോണ്ടിയവരെ പാർട്ടി കണ്ടെത്തി. ജില്ലാനേതാക്കളായ ടി.കെ.പളനിക്കും സി.കെ.ഭാസ്കരനും നേരിടേണ്ടിവന്നത് കടുത്ത പാർട്ടി ശിക്ഷ. ടി.ജെ ആഞ്ചലോസ് പുറത്തുപോയി. തോൽപിച്ച നാടിനെ മാത്രമല്ല ജില്ലയെ തന്നെ വിഎസ് പിന്നീട് കൈവെടിഞ്ഞു. 2001ൽ മലമ്പുഴയിൽ നിന്നും വിഎസ് നിയമസഭയിലെത്തി. നായനാർക്ക് ശേഷം മലമ്പുഴ മണ്ഡലം 2006ൽ രണ്ടാമത്തെ മുഖ്യമന്ത്രിയെയും കേരളത്തിന് നൽകി. അച്യുതാനന്ദനെന്ന കര്‍ക്കശക്കാരനായ കമ്യൂണിസ്റ്റില്‍ നിന്ന് വി.എസ് എന്ന ജനനേതാവിലേക്ക് ആ രാഷ്ട്രീയ ശൈലിയുടെ റൂട്ട് മാറിയത് മാരാരിക്കുളത്ത് നിന്നായിരുന്നു. 1996ല്‍ ജനങ്ങള്‍ കൈവിട്ട വി.എസ് 2006ല്‍ ജനനായകനായി, കേരളത്തിന്റെ കണ്ണും കരളുമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...