വിഎസിന്റെ പ്രസംഗങ്ങള്‍ക്ക് എതിരാളികള്‍ പോലും ആരാധകര്‍; 'കേരളമാകെ കയ്യടിച്ച ആ ശൈലി ആരംഭിച്ചത് ഇങ്ങനെ'
'രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ആയിരുന്നില്ല വിഎസിന്റെ ശൈലി. കുട്ടനാട്ടിലെ കര്‍ഷകരെയും കയര്‍ തൊഴിലാളികളയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ വഴി മാറി കിട്ടിയതാണ് ഈ ശൈലി.'

ആലപ്പുഴ: നീട്ടിയും കുറുക്കിയും എതിരാളികളോട് പരിഹാസം വാരി വിതറിയും കത്തിക്കയറുന്ന വിഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ ഏത് മുക്കിലും മൂലയിലും രാഷ്ട്രീയഭേദമന്യേ ആളുകള്‍ തടിച്ചു കൂടൂം. ആലപ്പുഴയിലെ കയര്‍, കര്‍ഷക തൊഴിലാളികളെ പിടിച്ചിരുത്താന്‍ വിഎസ് തുടങ്ങി വച്ച ശൈലിക്ക് പിന്നെ കേരളമാകെ കയ്യടിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ആയിരുന്നില്ല വിഎസിന്റെ ശൈലി. കുട്ടനാട്ടിലെ കര്‍ഷകരെയും കയര്‍ തൊഴിലാളികളയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ വഴി മാറി കിട്ടിയതാണ് ഈ ശൈലി. തൊഴിലാളികളെ പിടിച്ചിരുത്താന്‍ തുടങ്ങി വച്ചത് പിന്നെ ശീലമായി മാറി.
എതിരാളികളെ പരിഹസിക്കലാണ് വിഎസിന്റെ മറ്റൊരു വിനോദം. ഇതിനായി പുരാണ കഥാപാത്രങ്ങളെ കൂട്ടുപിടിക്കും. ചിലപ്പോള്‍ വേദപുസ്തകങ്ങളാവും കൂട്ട്. ഇതെല്ലാം സമകാലിക രാഷ്ട്രീ സംഭവവികാസങ്ങളുമായി കൂട്ടിയിണക്കുന്നതോടെ കേള്‍വിക്കാര്‍ക്ക് കിട്ടുന്നത് നല്ല ഒന്നാന്തരം ആനന്ദം. കര്‍ക്കശക്കാരനായ ഒരു കമ്യൂണിസ്റ്റില്‍ നിന്ന് ജനകീയനായ ഒരു നേതാവിലേക്കുള്ള വിഎസിന്റെ വളര്‍ച്ചക്കും ഈ ശൈലി ഏറെ ഗുണം ചെയ്തിട്ടുണ്ട്. പ്രസംഗത്തില്‍ എപ്പോഴും മുന്‍തൂക്കം ജനകീയ വിഷയങ്ങള്‍ക്കാണ്. പാവപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങള്‍, അവര്ക്ക് മനസിലാകുന്ന ഭാഷയില്‍, നര്‍മം കലര്‍ത്തി അവതരിപ്പിച്ച് അവരിലൊരാളായി മാറുകയായിരുന്നു വിഎസ്.
ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച നൂറു വയസ്സാകും. പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന കരുത്തനായ നേതാവാണ് വിഎസ്. സമരത്തിന്റെ എഴുപത്തിയേഴാം വാര്‍ഷിക ഘട്ടത്തിലാണ് ജനനായകന്റെ ജന്മശതാബ്ദി. ഒരിക്കല്‍ ഇഎംഎസ് പറഞ്ഞു. ഞാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്ത് പുത്രനാണ്. ജ്യോതി ബസു, എംഎന്‍ ഗോവിന്ദന്‍ നായര്‍, പി. സുന്ദരയ്യ, എകെജി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് ദത്തുപുത്രന്‍മാര്‍ നിരവധിയുണ്ടായി. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ സ്വന്തം പുത്രനാണ്. തയ്യല്‍ തൊഴിലാളിയായും കയര്‍ തൊഴിലാളിയായും കൊടി പിടിച്ച കൗമാരം. തൊഴിലാളികളുടെ ഭാഷയും വിയര്‍പ്പിന്റെ മണവുമുള്ള കമ്യൂണിസ്റ്റ്.
പട്ടിണി കിടന്ന് മരിക്കണോ അന്തസായി ജീവിക്കാന്‍ പൊരുതി മരിക്കണോ. വയറൊട്ടിയ തൊഴിലാളികളിലേക്ക് വിഎസും സഖാക്കളും പകര്‍ന്ന് നല്‍കിയ ഈ തീപ്പൊരിയാണ് നാല്‍പതുകളില്‍ കുട്ടനാട്ടിലും പുന്നപ്രയിലും വയലാറിലും ആളി പടര്‍ന്നത്. തന്റെ വീട് ക്യാമ്പാക്കി മാറ്റി സമരക്കാര്‍ക്ക് പരിശീലനവും സമരത്തിന്റെ ആസൂത്രണവും വിഎസ് നടത്തി. എന്നാല്‍ ഏറ്റുമുട്ടല്‍ ദിനങ്ങളില്‍ പുന്നപ്രയില്‍ നിന്ന് പൂഞ്ഞാറിലേക്ക് പോകാനായിരുന്നു വിഎസിന്റെ നിയോഗം.
സമരം തുടങ്ങിയ ശേഷമാണ് അദ്ദേഹം ഒളിവില്‍ പോയതെന്നും പൊലീസ് പിടികൂടി മൃഗീയമായി മര്‍ദ്ദിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ഉള്ളം കാലിലേക്ക് തുളഞ്ഞിറങ്ങിയ ബയണേറ്റും എല്ലുനുറുക്കിയ പൊലീസ് മര്‍ദ്ദനവും. പക്ഷെ തോറ്റത് പൊലീസാണ്. കാലം മായ്ക്കാത്ത പ്രതീകമായി പുന്നപ്ര വയലാര്‍ ഇന്നും തലമുറകളെ ആവേശഭരിതരാക്കുന്നു. ആ മുന്നേറ്റങ്ങള്‍ കേരളരാഷ്ട്രീയത്തിന് നല്‍കിയ ഏറ്റവും മുനയേറിയ വാരിക്കുന്തത്തിന് പ്രായം 100.
'ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധം, പലസ്തീൻ അതോറിറ്റി നിലനിൽക്കണം'; ജോ ബൈഡൻ