Asianet News MalayalamAsianet News Malayalam

'കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനുള്ളതല്ല വിപ്ലവപ്രസ്ഥാനം; അഗ്രഹാര പരാമര്‍ശങ്ങളോട് വി എസിന്‍റെ ഓര്‍മ്മപ്പെടുത്തല്‍

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്

vs achuthanandan against justice chidambaresh
Author
Thiruvananthapuram, First Published Jul 27, 2019, 8:20 PM IST

തിരുവനന്തപുരം: തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയുളള ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ലെന്ന് പറഞ്ഞ വി എസ് അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ യോജിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

വി എസിന്‍റെ കുറിപ്പ്

നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.

വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.

 

ജസ്റ്റിസ് ചിദംബരേഷിന്‍റെ അഭിപ്രായത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം ഇന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് പ്രസ്താവിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios