ആലപ്പുഴ: സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാർ ഇത്തവണയും സമരത്തെ തള്ളി പറഞ്ഞുവെന്നും വിഎസ് പറഞ്ഞു. പുന്നപ്ര--വയലാർ രക്തസാക്ഷിദിന 73ാം വാർഷികാചരണത്തിന്‍റെ ഭാഗമായി പറവൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൻഎസ്എസിന്റെ അടവുനയം ഇതോടെ അവസാനിപ്പിക്കണം. അത് ജനാധിപത്യത്തിന് ഭീഷണിയാണ്. എൻഎസ്എസും എസ്എൻഡിപിയും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി പരാജയപ്പെട്ടവരാണ്. എല്‍ഡിഎഫ് വഴിത്താരയിൽ ജാതി സ്വാധീനം ഉണ്ടാകരുതെന്നും വിഎസ് പറഞ്ഞു.

പുന്നപ്ര - വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി  പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ സമര നായകൻ വിഎസ് അച്ചുതാനന്ദൻ പുഷ്പചക്രം സമര്‍പ്പിച്ചു. നിരവധി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്മാരക ഭൂമിയിലെത്തിയ വിഎസിനെ എതിരേറ്റു. വൈകിട്ട് ആരംഭിച്ച അനുസ്മരണ സമ്മേളനവും വിഎസ് ഉദ്ഘാടനം ചെയ്തു.