Asianet News MalayalamAsianet News Malayalam

'ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതി'; പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍, ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ്

VS Achuthanandan against pinarayi vijayan government
Author
Thiruvananthapuram, First Published Apr 18, 2019, 4:46 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെന്നും വിഎസ് ഓര്‍മിപ്പിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍, ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് "ഇത് സര്‍ക്കാര്‍ ഭൂമിയാണ്" എന്നെഴുതി ചിന്നക്കനാലില്‍ സ്ഥാപിച്ച ഒരു ബോര്‍ഡും, അതിന്‍റെ അതിരുകളിലൂടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടിയ പതിനൊന്ന് ഏക്കറിന്‍റെ ചിത്രവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയത്തില്‍ വിമര്‍ശനവുമായി വിഎസ് രംഗത്ത് വന്നത്. 

വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് "ഇത് സര്‍ക്കാര്‍ ഭൂമിയാണ്" എന്നെഴുതി ചിന്നക്കനാലില്‍ സ്ഥാപിച്ച ഒരു ബോര്‍ഡും, അതിന്‍റെ അതിരുകളിലൂടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടിയ പതിനൊന്ന് ഏക്കറിന്‍റെ ചിത്രവും ഇന്ന് എന്‍റെ ശ്രദ്ധയില്‍ പെട്ടു. 
സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്വത്താക്കി മാറ്റാന്‍ കോടതികളിലൂടെ സാധിക്കുന്നു എന്നത് കോടതികളുടെ കുറ്റമല്ല. സര്‍ക്കാരിന്‍റെ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും എന്ന് ചോദിക്കുന്ന രീതിയിലാണ് കോടതിയുടെ വിധികള്‍.

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതിന്‍റെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസില്‍ദാരിലോ കെട്ടിവെച്ച് നമുക്ക് ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയില്‍ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമര്‍ശനത്തെ ഗൗരവത്തോടെ കാണണം.

 

Follow Us:
Download App:
  • android
  • ios