Asianet News MalayalamAsianet News Malayalam

'ജനങ്ങളില്ലാതെ കഴിയുന്നത് കഠിനമാണ്; ദിവസങ്ങള്‍ക്കകം പുറത്തിറങ്ങാനാകും': ചികിത്സയ്ക്ക് ശേഷം വിഎസ്

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി

VS Achuthanandan Facebook post after medical treatment
Author
Kerala, First Published Nov 4, 2019, 5:05 PM IST

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. വിഎസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് നേരത്തെ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് വിഎസ് പ്രതികരണം. ഫേസ്ബുക്കിലാണ് താന്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിവരം വിഎസ് അറിയിച്ചിരിക്കുന്നത്. ഒരാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. ഇത്ര നാളും ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കവിയുകയായിരുന്നു. ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിര്‍ദ്ദേശം- വിഎസ് കുറിപ്പില്‍ പറയുന്നു.

നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും മാറുന്നതുവരെ സന്ദര്‍ശകരെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ സാധിക്കില്ലെന്നും ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നത് കഠിനമാണെന്നും വിഎസ് കുറിക്കുന്നു. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘമാണ് വിഎസിനെ ചികിത്സിച്ചത്. 

വിഎസ് ഫേസ്ബുക്കില്‍ കുറിച്ചത്...

ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. ഇത്ര നാളും ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നെങ്കില്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗം. 

നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതുപരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഏതാനും ദിവസംകൂടി മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.

വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണ്. അല്‍പ്പദിവസത്തിനകം പുറത്തിറങ്ങാനാവുമെന്നത് മാത്രമാണ് ആശ്വാസം. രോഗാവസ്ഥയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.

Follow Us:
Download App:
  • android
  • ios