തൃശൂര്‍: കനത്തമഴയിൽ നിറഞ്ഞ ഏനമാവ് ബണ്ട് തുറന്നുവിടുന്നതിൽ അധികൃതരുടെ അനാസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മന്ത്രി വിഎസ് സുനിൽകുമാര്‍. ജലവിഭവ വകുപ്പ് ഓഫീസിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കുകയും പ്രശ്നപരിഹാരമാകും വരെ ഓഫീസിൽ കുത്തിയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

തെക്കൻ വെള്ളം വന്ന് നിറഞ്ഞിട്ടും ഏനമാവ് ബണ്ടിന്‍റെ വളയംകെട്ട് പൊളിച്ചുമാറ്റാൻ ജലവിഭവവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു നാട്ടുകാരുടേയും പരാതി. അരിമ്പൂര്‍ ചാഴൂര്‍ നെടുപുഴ താന്ന്യം  എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് ഉണ്ടായിരുന്നത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഇതോടെയാണ് ജനപ്രതിനിധികളെയും കൂട്ടി മന്ത്രി ഇറിഗേഷൻ ഓഫീസിൽ എത്തിയത്. ഓഫീസിൽ കയറിച്ചെന്ന മന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു.

ഇറിഗേഷൻ ഓഫീസിലെത്തിയ മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ പ്രതികരണം:

"

കരാറുകാരൻ പറഞ്ഞപ്പോഴാണ് വളയംകെട്ട് തുറന്നില്ലെന്ന് അറിയുന്നതെന്ന് ശകാരത്തിനിടെ മന്ത്രി പറയുന്നുണ്ട്. കളക്ടറുടെ ഉത്തരവുണ്ടായിട്ടും അത് പാലിക്കാൻ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മാത്രമല്ല വളയംകെട്ട് പൊളിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നൽകിയതെന്നും മന്ത്രി ആരോപിക്കുന്നു. തീരത്തെ വീടുകളിലും സമീപ പഞ്ചായത്തുകളിലും വെള്ളം കയറുന്നതിന് ഉത്തരവാദി ഇറിഗേഷൻ ഉദ്യോഗസ്ഥര്‍ മാത്രമാണ്. പഴികേൾക്കുന്നത് അത്രയും ജനപ്രതിനിധികളാണെന്ന് പറഞ്ഞ മന്ത്രി പ്രശ്നം പരിഹരിച്ച ശേഷമെ ഓഫീസിൽ നിന്ന് ഇറങ്ങുന്നുള്ളു എന്നും  പറഞ്ഞു. 

മന്ത്രിയും ജനപ്രതിനിധികളും എത്തിയ ശകാരിച്ചതിനെ തുടര്‍ന്ന് വളയംകെട്ട്  അടിയന്തരമായി പൊളിച്ചുമാറ്റി തുടങ്ങിയിട്ടുണ്ട്. വെള്ളം ഒഴിഞ്ഞ് പോകുന്നതോടെ പ്രദേശത്തെ പ്രളയഭീതി അകലുമെന്നാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്.