ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് സുനിൽ കുമാറിന്റെ വിമർശനം. നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ​ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയർന്നത്.

വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിം​ഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിം​ഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിം​ഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.