Asianet News MalayalamAsianet News Malayalam

'പീഡോ ജലീല്‍ എന്ന പേര് വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്'; കെടി ജലീലിനോട് വിടി ബല്‍റാം

2015ൽ ശ്രീ കെ ടി ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ഷസുദ്ദീന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച ബല്‍റാം ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്

vt balram criticize kt jaleel on facebook
Author
Palakkad, First Published May 5, 2019, 9:26 PM IST

പാലക്കാട്: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ സംരക്ഷിച്ചെന്ന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷത്തെ നേതാക്കളും ജനപ്രതിനിധികളും വിഷയത്തില്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജലീൽ പറഞ്ഞെങ്കിലും കൂടുതല്‍ തെളിവുകളുമായി വിടി ബല്‍റാം അടക്കമുള്ള എം എല്‍ എമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

2015ൽ കെ ടി ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ഷസുദ്ദീന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച ബല്‍റാം പീഡോ ജലീല്‍ എന്ന പേര് വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യവും ബല്‍റാം ഉയര്‍ത്തിയിട്ടുണ്ട്.

ബല്‍റാമിന്‍റെ കുറിപ്പ്

നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വർഷത്തിലൊരിക്കൽ എംഎൽഎമാർക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എംഎൽഎയുടെ ചെലവ് നിയമസഭയിൽ നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎൽഎ സ്വന്തം നിലക്ക് വഹിക്കണം. കുടുംബത്തേയാണ് സാധാരണ ഗതിയിൽ കൂടെ കൂട്ടുക എങ്കിലും ചിലപ്പോൾ എംഎൽഎക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്സണൽ സ്റ്റാഫിനേയോ ചിലർ കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താൽ മതി, ബാക്കി ചെലവൊക്കെ കൂട്ടത്തിൽ നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്റെ സൗകര്യം.

2015ൽ ശ്രീ കെ.ടി.ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിന്റെ ഫോട്ടോസ് ആണിവ. ഇതിൽ ശ്രീ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയിൽ കൂടെ കൊണ്ടുപോകാൻ മാത്രം എന്ത് അടുപ്പമാണ് ശ്രീ ജലീലിന് ഈപ്പറയുന്ന ഷംസുദ്ദീനുമായി ഉള്ളത്? വളാഞ്ചേരിയിലെ നാട്ടുകാരൻ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള KL 55 J1നമ്പർ ഇന്നോവ കാറിൽ MLA ബോർഡ് വച്ച് ശ്രീ കെ.ടി.ജലീൽ സ്ഥിരമായി വിനോദയാത്രകൾക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.

പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട ഷംസുദീനെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിയിച്ചിട്ടും പോലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ഗുരുതരമായ ആക്ഷേപമാണ് മന്ത്രി ശ്രീ കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. ആരോപണം ഉന്നയിച്ചത് വി.ടി ബൽറാമല്ല, മന്ത്രിയുടെ നാട്ടുകാരായ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ്. സംഭവം സത്യമെങ്കിൽ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്സോ കേസിൽ മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പോലീസ് തയ്യാറാവേണ്ടത്.

ഇതിനൊന്നും മറുപടി പറയാനാവാതെ സമനില തെറ്റിയാണ് മന്ത്രി ശ്രീ കെ.ടി.ജലീൽ ഇപ്പോൾ കല്യാണച്ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കുന്ന എന്റേതും അബ്ദുസ്സമദ് സമദാനിയുടേതുമടക്കമുള്ള ഫോട്ടോകൾ പുറത്തുവിട്ട് എന്തൊക്കെയോ തെളിയിക്കാനെന്ന മട്ടിൽ തത്രപ്പെടുന്നത്. കല്യാണച്ചടങ്ങുകളിലെ ഗ്രൂപ്പ് ഫോട്ടോകൾ പോലെയല്ല, മന്ത്രിയും ഈ പോക്സോ പ്രതിയും തമ്മിലുള്ള ദീർഘനാളത്തെ ആത്മബന്ധം തെളിയിക്കുന്ന മറ്റ് ഫോട്ടോകൾ എന്ന് ഏതൊരാൾക്കും എളുപ്പത്തിൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഒളിവിലിരിക്കുന്ന പ്രതിയുടെ വീട്ടിലെ വിവാഹ ആൽബത്തിൽ നിന്നുള്ള ക്ലാരിറ്റിയുള്ള ഫോട്ടോകൾ പോലും മന്ത്രിക്ക് ഇപ്പോഴും ഞൊടിയിടയിൽ ലഭ്യമാവുന്നുണ്ടെന്നുള്ളത് ഇവർ തമ്മിൽ ഇപ്പോഴും തുടരുന്ന അന്തർധാരയെ കൂടുതൽ വെളിപ്പെടുത്തുന്നു.

സൈബർ വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എകെജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന ശ്രീ കെ.ടി.ജലീൽ എന്ന കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയിൽ വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിക്കുന്നത് "തൃത്താലത്തുർക്കി ", "തൃത്താല രാമൻ" എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. തിരിച്ച് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേർത്തുള്ള ഇരട്ടപ്പേരുകൾ വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ അതിന്റെ കൂടെ പീഡോ ജലീൽ എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാൻ അദ്ദേഹം തന്നെ ശ്രദ്ധിച്ചാൽ നന്ന്.

Follow Us:
Download App:
  • android
  • ios