തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ ഒരു കാറാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വലിയ തോതില്‍ ചര്‍ച്ചയായത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം പി എന്നത് ഉപയോഗിക്കാൻ വേണ്ടി എക്സ്-എംപി എന്ന് എഴുതിയ കാര്‍ സിപിഎം നേതാക്കള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു ചര്‍ച്ച. ആറ്റിങ്ങല്‍ എം പിയായിരുന്ന സമ്പത്തിന് നേരെയാണ് വിമര്‍ശനങ്ങള്‍ നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതാകട്ടെ വി ടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഏറ്റെടുത്ത്  സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹത്തെ രൂക്ഷമായി വിമര്‍ശിച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബല്‍റാമിന്‍റെ പോസ്റ്റിനു പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിഷയം ആഘോഷിച്ചു. എന്നാല്‍ 'Ex.MP' എന്ന് പതിപ്പിച്ച കാറിന്‍റെ ചിത്രങ്ങള്‍ വ്യാജനാണെന്നാണ് സംശയം ബലപ്പെടുകയാണ്. സമ്പത്ത് തന്നെ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് ഇക്കാര്യം പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രം വ്യാജമാണെന്ന വാദം മുറുകിയതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് തൃത്താല എംഎല്‍എ ആയ ബല്‍റാം. കോണ്‍ഗ്രസിന്‍റെ തന്നെ മറ്റൊരു എംഎല്‍എ ശബരിനാഥന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം പോസ്റ്റ് മുക്കിയത്.

സമ്പത്തിന്‍റെ പ്രതികരണം

സംഭവത്തില്‍ ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ബന്ധപ്പെട്ടു. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു.

ബല്‍റാമിനെ വിമര്‍ശിച്ച ശബരിനാഥിന്‍റെ കുറിപ്പ്

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.