Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയില്‍ നിന്ന് 100 കോടി പ്രവാസികള്‍ക്കായി ചെലവാക്കിക്കൂടേ?; സര്‍ക്കാരിനോട് വി.ടി ബല്‍റാം

പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറൻറീനിൽ കഴിയുന്ന 14 ദിവസം ഞങ്ങൾ ഭക്ഷണം നൽകുന്നില്ലേ എന്ന് ഭരണപക്ഷ എംഎൽഎമാർ എച്ചിക്കണക്ക് പറയുന്നു. 

vt balram facebook post about cmdrf fund
Author
Palakkad, First Published May 9, 2020, 12:45 PM IST

പാലക്കാട്: അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് 35 കോടിരൂപ അനുവദിച്ച് കൊണ്ടുള്ള പഞ്ചാബ് സർക്കാരിന്റെ മാതൃകയില്‍ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കും  തൊഴിലാളികൾക്കുമനായി പണം മാറ്റി വയ്ക്കുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ്  എംഎല്‍എ വിടി ബല്‍റാം. 'അതിഥി തൊഴിലാളി' എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തർസംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്ക് വേണ്ടത് 30 കോടിരൂപയാണ്. ഇത്രയെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്നും എടുത്തുകൂടേയെന്ന് ബല്‍റാം ചോദിക്കുന്നു.

പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറൻറീനിൽ കഴിയുന്ന 14 ദിവസം ഞങ്ങൾ ഭക്ഷണം നൽകുന്നില്ലേ എന്ന് ഭരണപക്ഷ എംഎൽഎമാർ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിൻ പാനലിലേക്ക് റിക്രൂട്ട്മെൻറിന് അർഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികൾക്ക് നൂറ് ടിക്കറ്റല്ല കോൺഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നൽകാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!- എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയിൽ നിന്ന് തൊഴിലാളികൾക്കും പ്രവാസികൾക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലേ- വിടി ബല്‍റാം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍‌റെ പൂര്‍ണരൂപം

പഞ്ചാബിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തർ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിൻറെ സർക്കാർ ഒന്നാം ഘട്ടമായി 35 കോടി രൂപ അനുവദിച്ചിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരമാണിത്. സർക്കാർ ജില്ലാ കളക്ടർമാർക്ക് തുക കൈമാറുകയും അവർ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റെടുക്കാൻ റയിൽവേക്ക് പണം നൽകുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് വാർത്തകളിൽ കാണുന്നു.

ഇത്തരമൊരു തീരുമാനം കേരളമടക്കം എല്ലാ സംസ്ഥാന സർക്കാരുകൾക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിൻ്റെ നിഷേധാത്മക സമീപനങ്ങൾ എല്ലാവർക്കുമറിയാം. എന്നാൽ അതും പറഞ്ഞ് സംസ്ഥാനങ്ങൾ കൂടി ഒഴിഞ്ഞുമാറിയാൽ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണ്.

യഥാർത്ഥത്തിൽ, ഈയൊരാവശ്യം സർക്കാരുകളുടെ മുന്നിൽ ഉയർത്തിക്കൊണ്ടുവരാനാണ് തൊഴിലാളികളുടെ യാത്രാച്ചെലവ് പാർട്ടി തലത്തിൽ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസ് മുന്നോട്ടു വന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ സ്വന്തം നിലക്ക് ഏറ്റെടുത്ത് നടപ്പാക്കുമെങ്കിലും കോൺഗ്രസ് എന്നത് അടിസ്ഥാനപരമായി ഒരു സന്നദ്ധ സംഘടനയോ ചാരിറ്റി ഓർഗനൈസേഷനോ അല്ല, ഒരു രാഷ്ട്രീയ പാർട്ടിയാണ്. കാര്യങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ട ആളുകളേക്കൊണ്ട് അത് ചെയ്യിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് പാർട്ടികൾ നിർവ്വഹിക്കേണ്ടത്. ഒരു പാർലമെൻ്ററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്, അതിന് അവരെ നിർബ്ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷത്തിൻറെ ധർമ്മം.

ഇതറിഞ്ഞിട്ടും അറിയാത്ത മട്ടിൽ കണ്ണടച്ചിരുട്ടാക്കുകയാണ് കേരള സർക്കാരും ന്യായീകരണക്കാരും. അവർ കോൺഗ്രസിൻറെ ഇടപെടലുകളെ പരിഹസിച്ചും അധിക്ഷേപിച്ചും സർക്കാരിൻറെ വീഴ്ചകളേയും തൊഴിലാളികളോടുള്ള ക്രൂരമായ അവഗണനയേയും മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമത്തിലാണ്. കുഴലൂത്തുകാരായ ചില മാധ്യമ പ്രവർത്തകർ കോൺഗ്രസ് എങ്ങനെയായിരുന്നു സഹായധനം കളക്ടർമാർക്ക് കൈമാറേണ്ടിയിരുന്നത് എന്നതിലെ സാങ്കേതികത്വം വിശദീകരിച്ച് ക്ലാസെടുത്ത് നിഷ്ക്കു കളിക്കുന്നു. പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറൻറീനിൽ കഴിയുന്ന 14 ദിവസം ഞങ്ങൾ ഭക്ഷണം നൽകുന്നില്ലേ എന്ന് ഭരണപക്ഷ എംഎൽഎമാർ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിൻ പാനലിലേക്ക് റിക്രൂട്ട്മെൻറിന് അർഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികൾക്ക് നൂറ് ടിക്കറ്റല്ല കോൺഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നൽകാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!

'അതിഥി തൊഴിലാളി' എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തർസംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്കുള്ള റയിൽവേ ടിക്കറ്റ് നിരക്ക് ഏതാണ്ട് 750-800 രൂപയാണ്. ബ്രഡും പഴവും വെള്ളക്കുപ്പിയും അടക്കം പരമാവധി ഒരാൾക്ക് വേണ്ടത് 1000 രൂപ. 3 ലക്ഷം തൊഴിലാളികളാണ് പോകാൻ ആഗ്രഹിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. അവർക്ക് ആകെക്കൂടി വേണ്ടത് 3 ലക്ഷം* 1000 = 30 കോടി രൂപ. ഇത്രയും തുക സംസ്ഥാന സർക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത് ചെലവഴിക്കുന്നതിൽ എന്താണ് തടസ്സം? ഒന്നുമില്ലെങ്കിലും ഈ ദിവസം വരെ ഇവിടെ താമസിച്ച് ഇവിടത്തെ മാർക്കറ്റിൽ നിന്ന് അരിയും പഞ്ചസാരയും എണ്ണയും ഉപ്പും മുളകുമൊക്കെ വാങ്ങി അതിൻ്റെ ഭാഗമായി കോടിക്കണക്കിന് രൂപ നികുതി സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കിയിരുന്നവരല്ലേ ഈ തൊഴിലാളികളൊക്കെ? ഒരു ദുരിതകാലത്ത് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന അവർക്ക് ഒരു 30 കോടിയുടെയെങ്കിലും സഹായം ചെയ്യാൻ വാക്കുകളിൽ തേനൊലിപ്പിക്കുന്ന സർക്കാരുകൾക്ക് ബാധ്യതയില്ലേ?

ഇനി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ കാര്യം. വിവിധ രാജ്യങ്ങളിൽ നിന്നായി ഈയാഴ്ച കേരളത്തിലേക്ക് ആകെ വരുന്നത് 15 വിമാനങ്ങളാണ്. ഒരു വിമാനത്തിൽ 180 ഓളം ആളുകൾ വരുന്നു. അതായത് ആകെ ഒരാഴ്ചകൊണ്ട് വരുന്നത് 2700 പ്രവാസികൾ. ഒരാൾക്ക് ടിക്കറ്റിന് 15,000 രൂപ കണക്കാക്കിയാൽ 2700 പേർക്ക് വേണ്ടിവരുന്നത് ഏതാണ്ട് 4 കോടി മാത്രം. അടുത്ത പത്താഴ്ചത്തേക്ക്, അതായത് രണ്ടര മാസത്തിനുള്ളിൽ വരുന്ന മുഴുവൻ പ്രവാസികൾക്കും ടിക്കറ്റ് സൗജന്യമായി കൊടുത്താലും ആകെ ചെലവ് 40 കോടി മാത്രം! കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് നിർണ്ണായക പിന്തുണയേകുന്ന പ്രവാസികൾക്ക് വേണ്ടി ഒരു ആവശ്യ സമയത്ത് 40 കോടി ചെലവഴിക്കാൻ സംസ്ഥാന ഗവൺമെൻ്റിന് കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇവിടെയൊരു നോർക്ക വകുപ്പ്? എന്തിനാണ് ലോക കേരള സഭ?

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഇതേമട്ടിൽ ഏതാണ്ട് 30 കോടി രൂപ വേണ്ടി വന്നേക്കാം. അപ്പോഴും ആകെ 30+30+40= 100 കോടി രൂപ മതി.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയിൽ നിന്ന് തൊഴിലാളികൾക്കും പ്രവാസികൾക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലേ? അതിനുള്ള ഉത്തരവാദിത്തം സർക്കാരിനില്ലേ എന്നതാണ് യഥാർത്ഥ ചോദ്യം. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്വന്തം നിലക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സർക്കാരിൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്.
 

Follow Us:
Download App:
  • android
  • ios