'ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും'
പാലക്കാട്: ഒമിക്രോൺ (Omicron) ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മെഗാ തിരുവാതിര (Mega Thiruvathira) സംഘടിപ്പിച്ച സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം (VT Balram). ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ലെന്ന് ബല്‍റാം വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം.
ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കുത്തനെ കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ല്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിഡജയനും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്.
