100 കോടിയിൽപ്പരം സ്വത്തുണ്ടെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന്‍റെ പകുതിപോലുമില്ലെന്നാണ് പ്രമുഖന്‍റെ മകളുടെ മറുപടിയെന്നും ബൽറാം എടുത്തുപറഞ്ഞിട്ടുണ്ട്.
പാലക്കാട്: ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ അഴിമതി ആരോപണം വലിയ ചർച്ചയായി നിൽക്കെ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി പി എം കൂടുതൽ അന്വേഷണം നടത്താൻ തയ്യാറാകുമോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. പഴയ ടി വി അഭുമുഖത്തിലെ കാര്യങ്ങളെടുത്തുപറഞ്ഞുകൊണ്ട് ഒരു പ്രമുഖന്‍റെ മകൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ബൽറാം രംഗത്തെത്തിയിരിക്കുന്നത്. 100 കോടിയിൽപ്പരം സ്വത്തുണ്ടെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന്‍റെ പകുതിപോലുമില്ലെന്നാണ് പ്രമുഖന്‍റെ മകളുടെ മറുപടിയെന്നും ബൽറാം എടുത്തുപറഞ്ഞിട്ടുണ്ട്. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സി പി എം തയ്യാറാവുമോ എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിട്ടുണ്ട്.
ബൽറാമിന്‍റെ കുറിപ്പ്
ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?
അതേസമയം നേരത്തെ ഇ പി ജയരാജനെതിരായ ആരോപണത്തിൽ അഭിപ്രായം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ഇ പിക്കെതിരെ സി പി എമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമിച്ചതെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നതെന്നും ചൂണ്ടികാട്ടിയ സതീശൻ, സ്വർണക്കടത്ത് സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും എൽ ഡി എഫിന് ബന്ധമുണ്ടെന്നും ആരോപിച്ചു.
