ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു

ദില്ലി: സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി. ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത മുഖ്യമന്ത്രി ദില്ലിയിലും മൗനം തുടരുകയായിരുന്നു. ഇ പി വിഷയം സി പി എം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമോ എന്ന മാധ്യമപ്രവ‍ർത്തകരുടെ ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സി പി എം പി ബിയോഗത്തിൽ വിഷയം ചർച്ചയാകുമോ എന്നത് കണ്ടറിയണം. ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു. 

'തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ'; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം

അതേസമയം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇപ്പോൾ നേരിട്ട് ഇടപെടാനില്ലെന്ന സൂചനയാണ് സി പി എം കേന്ദ്ര നേതൃത്വത്തിൽ നിന്ന് പുറത്തുവരുന്നത്. ഇ പി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന‌ നിലപാടാണ് സി പി എം കേന്ദ്ര നേതാക്കൾ സ്വീകരിക്കുന്നത്. ഇ പി കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പി ബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അവർ പങ്കുവയ്ക്കുന്നത്. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സംസ്ഥാന ഘടകം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പിക്കെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാം എന്നതാണ് നിലവിലെ ധാരണയെന്നാണ് വ്യക്തമാകുന്നത്. നടപടി വേണമെങ്കിൽ മാത്രമാകും ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ഉണ്ടാകുക. പൊളിറ്റ് ബ്യൂറോയുടെ കാര്യത്തിലും അവസ്ഥ സമാനമായിരിക്കുമെന്നാണ് സൂചന.

'ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം, പിബി അനുമതി ഇപ്പോൾ വേണ്ട ' : കേന്ദ്ര നേതാക്കൾ