പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായെന്ന് വിശദമാക്കുന്ന പത്രവാര്‍ത്ത പങ്കുവച്ചാണ് പരിഹാസം

സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായെന്ന് വിശദമാക്കുന്ന പത്രവാര്‍ത്ത പങ്കുവച്ചാണ് പരിഹാസം. കറ നല്ലതാണെന്നാണ് സര്‍ഫ് എക്സല്‍ പറയുന്നത്. സഖാവ് ഐസക്കും കൂട്ടരും പറയുന്നത് കടം നല്ലതാണെന്നും വിടി ബല്‍റാം പരിഹസിക്കുന്നു. ഈ മാസം മാത്രം 7000 കോടിയാണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നതെന്ന് പത്രവാര്‍ത്ത വിശദമാക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കടമെടുപ്പാകും 5000 കോടിയുടേതെന്നാണ് സൂചന. 


വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

"കറ നല്ലതാണ്": സർഫ് എക്സൽ
"കടം നല്ലതാണ്": സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയിൽ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാർത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!


ഇന്ധനമടിക്കാന്‍ പണമില്ലെന്ന് പൊലീസ്, കടം വാങ്ങിക്കോളൂ എന്ന് സര്‍ക്കാര്‍

സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് (DGP Anilkant) അറിയിച്ചു. ഇന്ധ കമ്പനികള്‍ രണ്ടര കോടി രൂപയാണ് പൊലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ കൂട്ടുമ്പോഴാണ് ഇന്ധന മടിക്കാന്‍ കടം വാങ്ങാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി: ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇതുവരെ ലഭിച്ചില്ല. ആകെ പത്തു കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പക്കലുള്ളത്. ശമ്പളം നൽകാൻ ഇതിന്റെ പത്തിരട്ടി തുക ആവശ്യമാണ്.
വായ്പയെടുത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് ഇപ്പോഴത്തെ ആലോചന. ഇതിനായി 50 കോടി രൂപ കടം എടുക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ നൽകിയ ഗ്രാൻഡ് തുകയിൽ അവശേഷിക്കുന്നതാണ് ഇപ്പോൾ മാനേജ്മെന്റിന്റെ പക്കലുള്ള 10 കോടി രൂപ. പ്രതിസന്ധി മറികടക്കാൻ 50 കോടി രൂപ നൽകണമെന്ന് കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.