തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‍യു തുടരുന്ന നിരാഹാര പന്തലില്‍ ആവേശമായി വി ടി ബല്‍റാം എംഎല്‍എയുടെ പാട്ട്. ഏറെ ശ്രദ്ധേയമായ താരക പെണ്ണാളെ കതിരാടും മിഴിയാളെ എന്ന പാട്ടാണ് ബല്‍റാമും ഒപ്പം പ്രവര്‍ത്തകരും പാടിയത്.

പാട്ട് പാടിയാൽ എസ്എഫ്ഐ കൊല്ലുമെങ്കിൽ പാട്ട് പാടി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയാണ് കെഎസ്‍യു നിരാഹാര സമരപ്പന്തലില്‍ പാട്ടുകള്‍ പാടുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങൾക്കെതിരെയുളള പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കെഎസ്‍യു.

കെഎസ്‍യു പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള നിരാഹാരം  തുടരുകയാണ്. അതേ സമയം, ഇന്ന് വി ടി ബൽറാം എംഎൽഎയെ സെക്രട്ടേറിയേറ്റിന്റെ സൗത്ത് ​ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവ‌ർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ എംഎൽഎയെയും സ്റ്റാഫിനെയും പൊലീസ് സൗത്ത് ഗേറ്റ് വഴി തന്നെ അകത്തേക്ക് കയറ്റി വിട്ടതോടെയാണ് രംഗം ശാന്തമായത്.