കൊച്ചി വൈപ്പിൻ ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗും സ്വർണ്ണവും മോഷ്ടിച്ച സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. അവ്യക്തമായ ഒരു സിസിടിവി ദൃശ്യത്തിൽ നിന്നാണ് പ്രതികളായ അഖിൽ കുമാറിനെയും അനിൽകുമാറിനെയും പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണവും മൊബൈൽ ഫോണും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കൊച്ചി: വൈപ്പിൻ ബീച്ചിൽ എത്തുന്ന സഞ്ചാരികളുടെ ബാഗും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന സഹോദരങ്ങളെ പോലീസ് പിടികൂടി. പുതുവൈപ്പ് 22-ആം കോളനി, ആറ്റുവായ്പിത്തറ വീട്ടിൽ ചന്ദ്രന്റെ മക്കളായ അഖിൽ കുമാർ (27), അനിൽകുമാർ (29) എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ഒക്ടോബർ 15-ന് വൈപ്പിൻ ബീച്ചിൽ കുളിക്കാനിറങ്ങിയ വ്യക്തിയുടെ രണ്ടരപ്പവന്റെ സ്വർണ്ണമാല, ഒരു പവന്റെ വെഡ്ഡിംഗ് റിംഗ്, 80,000 രൂപ വിലയുള്ള മൊബൈൽ ഫോൺ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പരാതിക്കാരൻ ബാഗ് കരയിൽ വെച്ച് നീന്താൻ ഇറങ്ങിയ സമയം പ്രതികൾ ബാഗുമായി കടന്നു കളയുകയായിരുന്നു.

പരാതിയിൽ കേസെടുത്ത പൊലീസിന് ആകെ കിട്ടിയത് വ്യക്തതയില്ലാത്ത ഒരു സിസിടിവി ദൃശ്യം മാത്രമാണ്. ഒരാൾ പുറകിൽ ബാഗുമായി സൈക്കിളിൽ പോകുന്നതായിരുന്നു ദൃശ്യം. അറുപതിലധികം സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒന്നാം പ്രതി അഖിൽ കുമാർ അയൽവാസികളുടെ വീടുകളിൽ നിന്നും ആളൊഴിഞ്ഞ വീടുകളിൽ നിന്നും വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച് കത്തിച്ച് ചെമ്പുകമ്പി വിൽക്കുന്നത് പതിവാക്കിയ ആളാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. രാത്രികളിൽ ആളൊഴിഞ്ഞ വീടുകളിലും കാടുകളിലുമാണ് അഖിൽ കുമാർ കിടന്നുറങ്ങാറ്. ഞായറാഴ്ച പുലർച്ചെ ആളൊഴിഞ്ഞ കൊടുംകാട്ടിൽ നിന്നുാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ചേട്ടൻ അനിൽകുമാറിന്റെ പങ്കും പുറത്തുവന്നത്.

മോഷ്ടിച്ച ബാഗുമായി അഖിൽ ചേട്ടൻ അനിൽകുമാറിന്റെ അടുത്തേക്കാണ് പോയത്. ഇരുവരും ചേർന്ന് വിജനമായ പറമ്പിൽ വെച്ച് ബാഗ് തുറന്ന് സാധനങ്ങൾ വീതിച്ചു. സ്വർണ്ണമോതിരം പുതുവൈപ്പിലെ ജ്വല്ലറിയിൽ അഖിൽ കുമാറും, മാലയിലുണ്ടായിരുന്ന കുരിശ് ലോക്കറ്റ് ഞാറക്കലുള്ള ജ്വല്ലറിയിൽ അനിൽകുമാറും വിറ്റു. മൊബൈൽ ഫോൺ പെന്റാ മേനകയിലെ ഒരു ഷോപ്പിൽ നൽകി. ബാക്കി സ്വർണ്ണമാല ഇവർ താമസിച്ചിരുന്ന വീടിന്റെ സ്റ്റെയർകേസിന്റെ അടിയിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു. ബാഗ് ആളൊഴിഞ്ഞ കാട്ടിൽ ഉപേക്ഷിച്ചു. ഇവയെല്ലാം പൊലീസ് സംഘം പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി.

പ്രതിയായ അഖിൽ കുമാർ ഫെവിക്കോൾ പശ സ്ഥിരമായി മണത്തും മറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചും ലഹരി കണ്ടെത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. അനിയൻ മോഷ്ടിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാൻ സഹായിക്കുന്നത് ചേട്ടനായ അനിൽകുമാറാണ്. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ജനങ്ങൾ സ്വന്തം സാധനങ്ങളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചു. ഇത്തരത്തിലുള്ള മോഷണങ്ങൾ തടയാൻ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിൽ സിഐ ശ്യാംകുമാർ, എസ്ഐ നസീം, അനൂപ് ചാക്കോ, സുരേഷ് സി.എം, ഷാജി ഇ.എം, എഎസ്ഐ സജിമോൻ, SCPOമാരായ വിപിൻ, പ്രതീഷ്, ഉണ്ണികൃഷ്ണൻ, പ്രശാന്ത് ബാബു, CPOമാരായ സുരേഷ്, റെന്നി ഡാനിയേൽ, അജിലേഷ്, ഹരീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.