കൊച്ചി/ തിരുവനന്തപുരം: കൊച്ചിക്കാര്‍ കാത്തിരുന്ന ദിവസമാണിന്ന്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. രാവിലെ 9.30-യ്ക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ മേൽപ്പാലവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി.

നാട്ടിലെ സ്വപ്നപദ്ധതികൾ പൂർത്തിയാകുന്നതിൽ അഭിമാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി 4 കേരളയ്ക്കും അതിനെ അനുകൂലിച്ച ജസ്റ്റിസ് കെമാൽ പാഷയ്ക്കും എതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. കുണ്ടന്നൂർ മേൽപ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനജംഗ്ഷനാണ് വൈറ്റില. ഇവിടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ. വൈറ്റില എന്നീ ജംഗ്ഷനുകളിൽ 2008-ലാണ് മേൽപ്പാലം പണിയാൻ തീരുമാനമായത്. അന്ന് കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സർക്കാർ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവൻ വച്ചതും. എല്ലാ പ്രതിസന്ധികൾക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിംഗ് മികവോടെയും വൈറ്റില മേൽപ്പാലം പൂർത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു'', എന്ന് മുഖ്യമന്ത്രി. 

Read more at: 'വിവേകം വേണം', വി 4 കേരളയ്ക്കും ജസ്റ്റിസ് കെമാൽ പാഷയ്ക്കും എതിരെ മുഖ്യമന്ത്രി

ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേൽപ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂർ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറക്കുന്നതോടെ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.

തത്സമയസംപ്രേഷണം കാണാം:

എന്താണ് വൈറ്റിലയിൽ ഇത്ര ബ്ലോക്ക്?

സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനാണ് വൈറ്റില. ആലപ്പുഴയിൽ നിന്നും കോട്ടയത്ത് നിന്നും അടക്കം എറണാകുളം ജില്ലയിലേക്ക് കടക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കുണ്ടന്നൂരിന്‍റെയും വൈറ്റിലയുടെയും കുടുക്കറിയണം. ആറിലധികം വഴികളിലേക്ക് പിരിയുന്ന, ദേശീയ പാതയും സംസ്ഥാനപാതയും വന്നുചേരുന്ന ജംഗ്ഷനിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് 200 മീറ്റർ കടക്കാൻ കാത്തിരിക്കേണ്ടത് പലപ്പോഴും ഒരുമണിക്കൂർ വരെയാണ്. ആലപ്പുഴ, തൃപ്പൂണിത്തുറ എറണാകുളം ഭാഗങ്ങളിലേക്ക് നീണ്ട വാഹനനിരയാണ് മിക്കപ്പോഴും.

പാലം വന്നാലെന്താണ് ഗുണം?

ദേശീയപാതയിലൂടെ ആലപ്പുഴ ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന് നേരെ കടന്നുപോകേണ്ട വാഹനങ്ങൾ മേൽപ്പാലത്തിലൂടെ കടന്നുപോകും. വൈറ്റിലയിൽ നിന്ന് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾ മേൽപാലത്തിന്റെ ഇരുവശങ്ങളിലൂടെയും വേണം ജംഗ്ഷനിലേക്കെത്താൻ. ഈ വാഹനങ്ങൾ ഒരു കാരണവശാലും മേൽപ്പാലത്തിൽ കയറരുത് എന്നത് കൊണ്ട് ഇടത്തേക്ക് ബോർഡുമുണ്ട്. മേൽപ്പാലം പണി തുടങ്ങിയ വഴിതിരിച്ചുവിട്ട ഗതാഗത പരിഷ്കാരങ്ങൾ ഒഴിവാകുമെന്നതും വലിയ ആശ്വാസമാകും.

പാലാരിവട്ടത്ത് ബ്ലോക്കാകുമോ?

പണ്ടത്തെ പോലെയാകില്ല. വൈറ്റിലയിൽ നിന്ന് വേഗത്തിൽ വണ്ടികളെത്തും. പാലാരിവട്ടത്തെത്തുമ്പോൾ വഴി വശങ്ങളിലേക്ക് ഒതുങ്ങും. പിന്നാലെ പിന്നാലെ വണ്ടികളെത്തിയാൽ പാലാരിവട്ടം കുരുങ്ങും. മേൽപ്പാലത്തിന്‍റെ പണി മാർച്ചോടെ പൂർത്തിയാകുമെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ഈ കുരുക്കുകടമ്പ അധികനാൾ സഹിക്കേണ്ടി വന്നേക്കില്ല ജനങ്ങൾക്ക്. 

ശ്വാസം മുട്ടുമോ ഇടപ്പള്ളിക്ക്?

ഒരു ലക്ഷത്തിലധികം യാത്രാവാഹനങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി - അരൂർ ഭാഗത്ത് 8 വരി പാത വേണമെന്നാണ് ദേശീയപാത അതോറിറ്റി നിഷ്കർഷിക്കുന്നത്. എന്നാൽ പലയിടത്തും ഇനിയും 6 വരി പോലുമായിട്ടില്ല. ചിലയിടത്ത് 4 വരിപ്പാത പോലും വന്നിട്ടില്ല എന്നതാണ് സത്യം. കുണ്ടന്നൂർ മുതലിങ്ങോട്ട് പലയിടത്ത് പിടിച്ചുവെച്ച വാഹനങ്ങൾ പതുങ്ങിയും ഒതുങ്ങിയുമെത്തിയിട്ട് പോലും ഇടപ്പള്ളി സിഗ്നനലിൽ ഇപ്പോൾത്തന്നെ ഉണ്ടാകുന്നത് വൻ ഗതാഗതക്കുരുക്കാണ്. മേൽപ്പാലങ്ങൾ തുറക്കുന്നതോടെ ശ്വാസം കിട്ടി കുതിച്ചെത്തുന്ന വണ്ടികൾ വന്നുനിൽക്കുക ഇടപ്പള്ളിയിലാണ്. ഈ വല്ലാത്ത വരവ് ഇടപ്പള്ളിയെ കൊടുംകുരുക്കിലാക്കാം. ബ്ലോക്കിൽ സാധനങ്ങൾ വിറ്റുനടക്കുന്ന ഉത്തരേന്ത്യൻ ചെറുകച്ചവടക്കാർക്ക് നല്ല ലാഭമുണ്ടാക്കാമെന്ന് മാത്രം. കൊച്ചി ഇനി അഭിമുഖീകരിക്കേണ്ട് ഈ കുരുക്കിനെയാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് കരുതാം നമുക്ക്.